പുരുഷ സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് തീരും പ്രതീക്ഷയോടെ വനിതകൾ
തിരുവനന്തപുരം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ 30%പോലും നിയമനം നടക്കാതെ പുരുഷന്മാരുടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കും. 6,647പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ആകെ 1836 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
വനിത സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി 19ന് അവസാനിക്കും. പുരുഷന്മാരുടെ റാങ്ക് ലിസ്റ്റ് റദ്ദാകുന്നതോടെ 9:1 എന്ന അനുപാതത്തിന് പ്രസക്തി ഇല്ലാതാകുമെന്നതിനാൽ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് വനിത റാങ്ക് ഹോൾഡേഴ്സ്. ഇക്കൊല്ലമാണ് 9:1 അനുപാതമാക്കിയത്. ഇതുമാറ്റാൻ സർക്കാർ ഉത്തരവിറക്കേണ്ടി വരും. പുരുഷ റാങ്ക് ലിസ്റ്റിൽ നിന്ന് ഒൻപതുപേർക്ക് നിയമന ശുപാർശ അയച്ചാൽ മാത്രമേ വനിത റാങ്ക് ലിസ്റ്റിലുള്ള ഒരാൾക്ക് നിയമനം നൽകാനാവൂ എന്നതാണ് വ്യവസ്ഥ.
വനിത റാങ്ക് ലിസ്റ്റിൽ നിയമനശുപാർശ മൂന്നിലൊന്ന് പോലും ആയിട്ടില്ല. 967 പേരുടെ റാങ്ക് പട്ടികയിൽനിന്ന് 292 പേർക്കുമാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 60 എണ്ണം എൻ.ജെ.ഡി ഒഴിവുകളായിരുന്നു. മുൻവർഷങ്ങളിൽ 60% നിയമനം നടന്നിരുന്നു.
ജോക്കർ വേഷംകെട്ടി സമരം
ഇന്ന് പ്രതിഷേധ വിഷുക്കണി
സെക്രട്ടേറിയറ്രിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന വനിത സി.പി.ഒ റാങ്ക് ഹോൾഡർമാർ ഇന്നലെ ജോക്കർ വേഷംകെട്ടി നിശബ്‌ദ നാടകവുമായി വേറിട്ട പ്രതിഷേധം നടത്തി. പ്ലാവില തൊപ്പിയണിഞ്ഞും ഭിക്ഷയാചിച്ചും ശയനപ്രദക്ഷിണം നടത്തിയും കൈയിൽ കർപ്പൂരം കത്തിച്ചും കല്ലുപ്പിൽ ഒറ്റക്കാലിൽ നിന്നുമൊക്കെ നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇന്ന് വിഷുദിനത്തിൽ കറുത്ത വസ്ത്രമണിഞ്ഞ് വിഷുക്കണി ദർശിക്കും. ഉച്ചയ്‌ക്ക് വിഷുസദ്യയ്ക്ക് പകരം കഞ്ഞികുടിച്ച് പ്രതിഷേധിക്കും.