സുപ്രീംകോടതി വിധി നിയമവാഴ്ചയുടെ തെളിവ്: എം.വി ഗോവിന്ദൻ

Monday 14 April 2025 1:55 AM IST

കോഴിക്കോട്: ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്ചയ്ക്ക് സാദ്ധ്യതയുണ്ടെന്നുള്ളതിന്റെ തെളിവാണ് നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോഴിക്കോട് അതിരൂപത അദ്ധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

ഗവർണറുടെയോ രാഷ്ട്രപതിയുടെയോ അംഗീകാരമില്ലാതെ നിയമനിർമാണ സഭകൾ പാസാക്കിയ ബില്ലുകൾ നിയമമായത്‌ ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ്‌. സുപ്രീംകോടതി വിധിക്കെതിരെ കേരള ഗവർണറടക്കം ചില പ്രതികരണങ്ങൾ നടത്തി. രാഷ്ട്രപതിയും ഗവർണറും പ്രധാനമന്ത്രിയുമെല്ലാം ഭരണഘടനയ്ക്ക് വിധേയമായിരിക്കണമെന്ന ഓർമപ്പെടുത്തലാണ്‌ സുപ്രീംകോടതിയുടേത്‌. ജുഡീഷ്യറിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ശേഷിയുണ്ടെന്നും വ്യക്തമായി.. കാവിവത്കരണത്തിന്റെ അജൻഡ ഗവർണർമാരെ ഉപയോഗിച്ച് നടപ്പിലാക്കാനുള്ള ഇടപെടലുകൾ തിരുത്തപ്പെടുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.