കൊല്ലം ബീച്ചിൽ: തിരപോലെ അലതല്ലി തിരക്ക്

Monday 14 April 2025 2:13 AM IST

കൊല്ലം: വേനലവധിക്കാലം ആഘോഷിക്കാൻ കൊല്ലം ബീച്ചിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കനത്ത ചൂടും വകവയ്ക്കാതെയാണ് സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ തിരക്ക് ദിനംപ്രതി വർദ്ധിക്കുന്നത്. നട്ടുച്ചയ്ക്ക് പോലും കുട്ടികളടക്കമുള്ള കുടുംബം ബീച്ചിലെത്തുന്നുണ്ട്. വൈകുന്നേരങ്ങളിൽ തിരക്ക് കൂടുതൽ വർദ്ധിക്കും.

കുട്ടികളുൾപ്പടെയുള്ള സന്ദർശകർ കൂടുതലായി എത്തുന്ന ഇവിടെ തീര സുരക്ഷ ഉറപ്പാക്കാൻ ഒരുക്കങ്ങൾ നടത്തിയിട്ടില്ല. സുരക്ഷയ്ക്ക് ഏതാനും ലൈഫ് ഗാർഡുകൾ മാത്രമേ ഉള്ളൂ.

കൊല്ലം, അഴീക്കൽ ബീച്ചുകളിൽ പ്രതിദിനം 5000ൽ അധികം സന്ദർശകരാണ് സാധാരണ എത്താറുള്ളത്. സീസൺ ആരംഭിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ വലിയ വ‌ർദ്ധനവാണ് ഉണ്ടാകാറുള്ളത്. മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി കൊല്ലം ബീച്ചിന്റെ തീരത്തോട് ചേർന്ന് മൂന്ന് മീറ്ററോളം താഴ്ചയുണ്ട്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന ശക്തമായ തിരമാലയിൽ സന്ദർശകർ അപകടത്തിൽപ്പെടുന്നത് പതിവാണ്.

കടലിൽ ഇറങ്ങാതിരിക്കാൻ താത്കാലികമായി കയർ വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും കയർ മറികടന്ന് കടലിൽ സഞ്ചാരികൾ ഇറങ്ങുന്നത് പതിവാണ്. ഗാർഡുകളുടെ എണ്ണം കുറവായതിനാൽ എല്ലായിടത്തും ഓടിയെത്താൻ കഴിയില്ല. അവരുടെ ശ്രദ്ധയെത്തുമ്പോഴേക്കും അപകടം സംഭവിച്ച് കഴിഞ്ഞിരിക്കും. ബീച്ച് പരിധിയിൽ നിന്ന് മാറിയുള്ള അപകടങ്ങളിൽ പലപ്പോഴും രക്ഷാപ്രവത്തനം നടത്തുന്നത് മത്സ്യത്തൊഴിലാളികളാണ്.

തീരം അത്ര സുരക്ഷിതമല്ല

 ജില്ലയിലെ എല്ലാ ബീച്ചുകളിലും ലൈഫ് ഗാർഡുമാർ ആവശ്യത്തിനില്ല

 ഇതുമൂലം സുരക്ഷാപ്രശ്നം വെല്ലുവിളി

 പല ബീച്ചുകളിലും ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളില്ല

 ബീച്ചിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ഡ്യൂട്ടി പോയിന്റിൽ രണ്ട് ഗാർഡുമാർ വേണമെന്നാണ് നിയമം

 ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പോയിന്റുകൾ

 കൊല്ലത്ത് നിശ്ചിത ദൂരപരിധിയിൽ ലൈഫ് ഗാർഡുമാരില്ല

ആകെ ലൈഫ് ഗാർഡ്-9

കൊല്ലം-7

അഴീക്കൽ-2

 ഡ്യൂട്ടി സമയം രാവിലെ 7 മുതൽ വൈകിട്ട് 7വരെ

 തിരുമുല്ലാവാരത്തും താന്നിയിലും ഗാർഡ് ഇല്ല

ഒരാഴ്ചയായി കടൽ ക്ഷോഭിച്ച് നിൽക്കുകയാണ്. കള്ളക്കടൽ പ്രതിഭാസവും നന്നായിട്ടുണ്ട്. സീസണായതുകൊണ്ട് തിരക്ക് കൂടുതലാണ് . ലൈഫ് ഗാർഡുകളുടെ എണ്ണം കുറവാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരു വെല്ലുവിളിയാണ്.

ലൈഫ് ഗാർഡുമാർ