പക്ഷിപ്പനി ഈസ്റ്റർ പ്രതീക്ഷകൾ കെടുത്തി കർഷകർക്ക് നഷ്ടങ്ങളുടെ കണക്ക്
കൊച്ചി: ഈസ്റ്ററിന് കോഴി, താറാവ് വളർത്തൽ കർഷകർക്ക് നഷ്ടക്കച്ചവടം. പക്ഷിപ്പനി മൂലം ഏർപ്പെടുത്തിയ കോഴി, താറാവ് വളർത്തൽ നിരോധനം ഭാഗികമായെങ്കിലും നീക്കിയത് ഒരാഴ്ച മുമ്പാണ്. ഇതോടെ വിഷു-ഈസ്റ്റർ വില്പനയിൽ കേരളത്തിലെ കർഷകർക്ക് വലിയ പങ്കൊന്നുമില്ല.
പലരും കൂടുകൾ വൃത്തിയാക്കുന്നതേയുള്ളൂ. താറാവ് വിപണിയിലെത്താൻ ഇനി 100 ദിവസമെങ്കിലും വേണം. ഈസ്റ്റർ വിപണിയിൽ രണ്ടു ലക്ഷത്തോളം താറാവുകളെ വിൽക്കുമെന്നാണ് കണക്ക്. ഇക്കുറി ഇതിൽ പകുതിപോലും സംസ്ഥാനത്ത് ഉത്പാദിപ്പിക്കാനായിട്ടില്ല.
നിരോധനം ലംഘിച്ച് ചിലയിടങ്ങളിൽ ചെറിയതോതിൽ കൃഷിയിറക്കിയിരുന്നു. ഇതും തമിഴ്നാട്ടിലെ താറാവുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. കോഴിക്ക് കർഷകർക്ക് 99 രൂപയും കടക്കാർക്ക് 104 രൂപയുമാണ് വില (പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റം വരും). ഈസ്റ്റർ തലേന്ന് വില ഉയരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
താറാവിന്റെ വാക്സിൻ കിട്ടാക്കനി
മുട്ട വിരിഞ്ഞ് ഒരു ദിവസം പ്രായമായ താറാവു കുഞ്ഞുങ്ങളെയാണ് കർഷകർ വാങ്ങി വളർത്തുന്നത്. മുട്ട വിരിയിച്ചെടുക്കുന്നവരുമുണ്ട്. ഇറച്ചിക്കായി വിൽക്കണമെങ്കിൽ 110 ദിവസമെങ്കിലും വേണ്ടിവരും.
ഇവയ്ക്ക് പ്രധാനമായും ഡക്ക് പ്ലേഗ്, പാസ്റ്ററേല്ല എന്നീ വാക്സിനുകൾ എടുക്കണം. നിരോധനത്തിനുശേഷം ഇവ രണ്ടും കിട്ടാനില്ല.
മുട്ട വിരിഞ്ഞ് 24 ദിവസങ്ങൾ കഴിയുമ്പോൾ ആദ്യ വാക്സിനെടുക്കണം. രണ്ടാമത്തേത് 15 ദിവസം കഴിയുമ്പോഴും. ഇത് കൃത്യസമയത്ത് എടുത്തില്ലെങ്കിൽ ചത്തുപോകാൻ സാദ്ധ്യതയുണ്ട്. ബ്രോയിലറാണെങ്കിൽ 50 ദിവസത്തോളം വളർത്തിയാൽ മതി.
കോഴിവില- 99 (മൊത്തവില), 104 (ചില്ലറവില)
കുട്ടനാടൻ താറാവ്- 300
ബ്രോയിലർ താറാവ്- 550
കോഴിയും താറാവും കൃഷി ആരംഭിച്ചതിനാൽ ഈസ്റ്ററിന് കർഷകർക്ക് വലിയ പ്രതീക്ഷയില്ല. 100 ദിവസം കഴിയാതെ ഇപ്പോൾ വളർത്താൻ ആരംഭിച്ചവ വിൽക്കാനാവില്ല.
എസ്.കെ. നസീർ ജനറൽ സെക്രട്ടറി ഓൾ കേരള പൗൾട്രി ഫെഡറേഷൻ