മാരത്തൺ കുടുംബം; അടുത്ത ലക്ഷ്യം കാർഗിൽ

Wednesday 16 April 2025 12:00 AM IST

കൊച്ചി: മാരത്തൺ താരമാണ് ഇരിങ്ങാലക്കുട താഴേക്കാട് സ്വദേശി ലിക്‌സൻ തോമസ്. അതേ വഴിയിലാണ് ഭാര്യ പി.ജെ. മനുവും മക്കളായ നിക്കോളും ഒലീവിയറും. കുടുംബം ഒരുമിച്ച് ഫുൾ മാരത്തണിൽ പങ്കെടുക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. അതിന് വഴിയൊരുങ്ങുന്നത് ഡിസംബറിൽ നടക്കുന്ന കാർഗിൽ മാരത്തൺ. പരിശീലനത്തിലാണ് കുടുംബം.

മനുവിനും മക്കൾക്കും തൃശ്ശൂർ, ചെറായി ഹാഫ് മാരത്തണുകളിൽ പങ്കെടുത്ത് പരിചയമുണ്ട്. ഒൻപതാം ക്ലാസുകാരൻ നിക്കോൾ 10 കിലോമീറ്ററും നാലാംക്ലാസുകാരൻ ഒലീവിയർ അഞ്ചു കിലോമീറ്ററും കൂളായി കീഴടക്കും. മനു അഞ്ച് കിലോമീറ്ററിലേറെയും.

എറണാകുളത്ത് പ്രസ് ജീവനക്കാരനാണ് 40കാരനായ ലിക്‌സൻ. ഏഴുവർഷം മുമ്പ് ഓട്ടം തുടങ്ങിയ ലിക്‌സൻ കേരളത്തിൽ വിവിധയിടങ്ങളിലും ചെന്നൈ, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിലും മാരത്തണിൽ പങ്കെടുത്തിട്ടുണ്ട്.

സ്‌കൂൾ പഠനകാലത്താണ് മാരത്തണിൽ താത്പര്യം വളർന്നത്. ആരും പറയാതെതന്നെ ഭാര്യയും മക്കളും ആ ട്രാക്കിലെത്തി. ആദ്യമായി പങ്കെടുത്ത തൃശൂർ ഡെക്കാത്‌ലൺ മാരത്തണിൽ പരിചയപ്പെട്ട സുകുന്ദനാണ് വഴികാട്ടി.

 സ്വന്തം റെക്കാഡുകൾ രണ്ട്

 42.2 കിലോമീറ്റർ ഫുൾ മാരത്തണിൽ നാലരമണിക്കൂർ

 21.1 കിലോമീറ്റർ ഹാഫ് മാരത്തണിൽ 1.45 മണിക്കൂറുമാണ് .

 സകുടുംബം പരിശീലനം

പുലർച്ചെ നാലര മുതൽ ആറുവരെ വീടിനു സമീപത്തുള്ള റോഡിൽ സകുടുംബമാണ് പരിശീലനം. ശരാശരി 10 കി.മീറ്റർ പല വേഗത്തിൽ ഓടും. ഒരുമണിക്കൂർ വിശ്രമം. തലേന്നു വെള്ളത്തിലിട്ടുവച്ച ഉണങ്ങിയ പഴങ്ങൾ ജ്യൂസാക്കി കുടിക്കും. ഉച്ചയ്ക്ക് കുറച്ച് ചോറും കറികളും. എണ്ണയും മധുരവും പരമാവധി കുറയ്ക്കും. മധുരക്കിഴങ്ങോ കപ്പയോ ചക്കയോ പുഴുങ്ങിയത്, അട തുടങ്ങിയവയാണ് അത്താഴം. രാത്രി ഏഴിനു മുൻപ് കഴിച്ച് ഒൻപതരയോടെ കിടക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ഓട്ടവും മറ്റു ദിവസങ്ങളിൽ കാലിനുള്ള വ്യായാമവും ചെയ്യും.