തമിഴ്‌നാട്ടിലെ ഈ ടൂറിസം കേന്ദ്രത്തെ കൈവിട്ട് സഞ്ചാരികള്‍; കോളടിച്ചത് കേരളത്തിന്, തിരക്ക് കൂടി

Tuesday 15 April 2025 8:25 PM IST

വേനല്‍ അവധിക്കാലമായതോടെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ചൂട് കാലമായതിനാല്‍ തന്നെ ഹൈറേഞ്ച് ഡെസ്റ്റിനേഷനുകളോടാണ് സഞ്ചാരികള്‍ക്ക് താത്പര്യം കൂടുതല്‍. ഈ ശ്രേണിയില്‍ ഇന്ത്യയില്‍ തന്നെ മുന്നിലുള്ളതും ആളുകളുടെ പ്രിയപ്പെട്ടതുമായ സ്ഥലമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി. എന്നാല്‍ ഇത്തവണ സഞ്ചാരികള്‍ ഊട്ടിയെ പൂര്‍ണമായും കൈവിട്ട അവസ്ഥയാണുള്ളത്. ഇ-പാസ് നിര്‍ബന്ധമാക്കിയതോടെയാണ് ഊട്ടിയിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണം കുറഞ്ഞത്.

ഊട്ടിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞപ്പോള്‍ കോളടിച്ചതാകട്ടെ കേരളത്തിലെ മൂന്നാറിനാണ്. ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. മൂന്നാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാന്‍ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തിയതോടെ ജില്ലയിലെ ടൂറിസം മേഖലയാകെ ഉണര്‍ന്നു. മൂന്നാര്‍ ടൗണ്‍, രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഗ്യാപ് റോഡിലൂടെയുള്ള കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് യാത്രയുടെ എല്ലാ ട്രിപ്പിലും സഞ്ചാരികളുണ്ട്. ഊട്ടിയില്‍ ഇ പാസ് നിര്‍ബന്ധമാക്കിയതും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും സഞ്ചാരികളെ ദുരിതത്തിലാക്കുന്നുണ്ട്. ഇ-പാസ് ഏര്‍പ്പെടുത്തിയതിന് പുറമേ ഊട്ടിയിലെ സൗകര്യങ്ങളിലെ അപര്യാപ്തതയും മൂന്നാറിലേക്ക് യാത്ര മാറ്റുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

ഊട്ടിയിലെ മലയാളി വ്യാപാരികള്‍ തന്നെയാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നത്.

തിരക്ക് കുറയാന്‍ കാരണമായതാകട്ടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനവും. നീലഗിരി ജില്ലയില്‍ പ്രവേശിക്കാന്‍ ഇ-പാസ് എടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനം. ഊട്ടിയിലേക്കുള്ള ടൂറിസ്റ്റുകള്‍ മൂന്നാറിന് പുറമേ മൈസൂര്‍, മുതുമല, ബന്ദിപ്പൂര്‍ എന്നിവിടങ്ങളിലേക്കും റൂട്ട് മാറ്റുകയാണ്.

പുതിയ സാഹചര്യം ഊട്ടി കേന്ദ്രീകരിച്ചുള്ള വ്യാപാരമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത് സംസ്ഥാനത്തെ ടൂറിസം മേഖലയേയും ഒപ്പം അനുബന്ധ സ്ഥാപനങ്ങളേയും ബാധിച്ചിട്ടുണ്ട്. ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ടാക്‌സി, ഓട്ടോ ടൂറിസം, ഗൈഡ് ട്രാവല്‍സ് തുടങ്ങിയവയെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മലയാളികള്‍ ഉള്‍പ്പെടെ ഊട്ടി കേന്ദ്രീകരിച്ച് ജോലി ചെയ്യുന്നവര്‍ പറയുന്നു.