മത്സ്യക്കുഞ്ഞ് ഉത്പാദനം: വൻ കുതിപ്പുമായി പാലക്കാട് ജില്ല
പാലക്കാട്: മത്സ്യക്കുഞ്ഞ് ഉത്പ്പാദനത്തിൽ വൻകുതിപ്പുമായി പാലക്കാട് ജില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 284.99 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ജില്ല ഉത്പ്പാദിപ്പിച്ചത്. പാലക്കാട് ജില്ലയിൽ മലമ്പുഴ, മീങ്കര, മംഗലം, ചുള്ളിയാർ, വാളയാർ എന്നിങ്ങനെ അഞ്ച് ഹാച്ചറികളാണുള്ളത്. ഇവയിൽ ആകെ 279 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഉത്പ്പാദിപ്പിക്കാനാവുക. അതും മറികടന്നാണ് ഇത്തവണത്തെ നേട്ടം. സംസ്ഥാനത്തെ ആകെ ഉത്പ്പാദനത്തിന്റെ 38.7 ശതമാനം പാലക്കാട് ജില്ലയിൽ നിന്നാണ്. 10 വർഷത്തിനുള്ളിലെ ഏറ്റവും മികച്ച നേട്ടമാണിത്. 2021-2022 സാമ്പത്തിക വർഷം 183.94 ലക്ഷവും 2022-2023 വർഷം 171.76 ലക്ഷവുമായിരുന്നു മത്സ്യം ഉത്പാദനം. കട്ല, റോഹു, മൃഗാൽ, സൈപ്രിനസ് എന്നീ കാർപ് ഇനങ്ങളും തദ്ദേശ മത്സ്യങ്ങളായ കരിമീനുമാണ് കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെയും, മത്സ്യ കർഷകരുടെയും പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന പദ്ധതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയുള്ള പദ്ധതികൾ എന്നിവയ്ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കൂടാതെ 2024-25 സാമ്പത്തികവർഷം നടപ്പാക്കിയ ബയോഫ്‌ളോക്, റീസർക്കുലേട്ടറി ആക്വ കൾച്ചർ സിസ്റ്റം, പടുത, കൂട് മത്സ്യക്കൃഷി, വിശാല കർപ്പ്, സ്വകാര്യകുളം പദ്ധതികളിൽനിന്നും 307.37 ടൺ വരാൽ, 160.8 ടൺ തിലാപിയ, 156.98 ടൺ കാറ്റ്ഫിഷ്, 3528.8 ടൺ കാർപ്, 24 ടൺ നെയിൽ തിലപിയ, 63.78 ടൺ വാള എന്നിവയും വിളവെടുത്തു. 2025-26 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ എല്ലാ ഹാച്ചറികളിലും ഇതിനോടകം തുടങ്ങി. 310 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ജൂണിൽ വിതരണം ചെയ്യാനാണ് തീരുമാനം.