വേനൽ കടുക്കുന്നു, പകൽ വില്ലനായി അൾട്രാവയലറ്റ് രശ്മി

Wednesday 16 April 2025 12:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ (യു.വി) തീവ്രത കൂടിയതിനാൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികളേൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് - നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മ - നേത്ര രോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെല്ലാം ജാഗ്രത പാലിക്കണം. പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

ഈ മേഖല സൂക്ഷിക്കണം

 മലയോര മേഖലകളിലും, ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു.വി രശ്മികളുടെ തീവ്രത ഉയരും

 മേഘമില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യു.വി തീവ്രത കൂടുതലായിരിക്കും.

 അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ജലാശയങ്ങളിലും മണൽ പ്രദേശങ്ങളിലും ശ്രദ്ധവേണം.