സെർച്ച് കമ്മിറ്റിക്കെതിരെ ഡോക്ടർമാർ: ആർ.സി.സി ഡയറക്ടർ നിയമന നടപടികൾ വിവാദത്തിൽ
#റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ
മുഖ്യമന്ത്രിക്ക് പരാതി നൽകി.
# പിൻവാതിൽ നീക്കം കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
തിരുവനന്തപുരം : ചികിത്സരാംഗത്ത് രാജ്യത്ത് മുൻനിരയിലുള്ള തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിന് (ആർ.സി.സി) പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികൾ വിവാദത്തിൽ.
ഓങ്കോളജി സർജൻമാരെ മാത്രം ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഏകപക്ഷീയമാണെന്ന് ആരോപണം. കാൻസർ ചികിത്സ നടത്തുന്ന മറ്റുവിഭാഗങ്ങളിലെ വിദഗ്ദ്ധരെ ഒഴിവാക്കിയതാണ്പരാതിക്ക് കാരണം.
റേഡിയേഷൻ ഓങ്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ കേരളഘടകം മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകി. മുഖ്യമന്ത്രി ഇത് മന്ത്രി വീണാജോർജിന് കൈമാറി. യോഗ്യതകൾ അട്ടിമറിച്ച് ആർ.സി.സി ഡയറക്ടറെ നിയമിക്കാൻ പിൻവാതിൽ നീക്കം നടക്കുന്നതായി ഫെബ്രുവരി 10ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തത് ശരിവയ്ക്കുന്നതാണ് ഡോക്ടർമാരുടെ പരാതി.
മുൻവർഷങ്ങളിൽ ഓങ്കോളജി സർജനെ കൂടാതെ റേഡിയേഷൻ,മെഡിക്കൽ ഓങ്കോളജിസ്റ്റുകളും സെർച്ച് കമ്മിറ്റിയിലുണ്ടായിരുന്നു. മാത്രമല്ല മുൻകാലങ്ങളിൽ സർക്കാർ സ്ഥാപനമായ എയിംസിൽ നിന്നുള്ളവരും സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു. സ്വകാര്യ മേഖലകളിലുള്ളവരെ മാത്രമാണ് ഇത്തവണ കമ്മിറ്റിയിലുള്ളതെന്നും പരാതിയിലുണ്ട്. നിലവിൽ രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ ചെയർമാൻ മുംബയ് ടാറ്റാ മെമ്മോറിയൽ ആശുപത്രിയുടെ ഡയറക്ടറായ ഡോ.സി.എസ്.പ്രമേഷാണ്.അസാമിലെ കച്ചാർ ക്യാൻസർ ആശുപത്രി ഡയറക്ടറായ ഡോ.ആർ.രവി.കണ്ണൻ അംഗവും മലബാർ ക്യാൻസർ സെന്ററിലെ ഡയറക്ടർ ഡോ.ബി.സതീശൻ കമ്മിറ്റി കൺവീനറുമാണ്.മൂവരും ഓങ്കോളജി സർജൻമാരാണ്.എയിംസ്,ജിപ്മെർ,പി.ജി.ഐ.എം ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ,സർജറി,റേഡിയേഷൻ ഓങ്കോളജിസ്റ്റുകളും പത്തോളജിമേഖലയിലുള്ളവരും ഉൾപ്പെടുന്ന സംഘത്തെ സെർച്ച് കമ്മിറ്റിയായി നിയോഗിക്കണമെന്നാണ് ആവശ്യം.
തുടക്കത്തിലേ വെള്ളം ചേർത്തു!
ഡയറക്ടറുടെ യോഗ്യതയായി മുഖ്യമന്ത്രി അദ്ധ്യക്ഷനായ ആർ.സി.സി ഗവേണിംഗ് ബോഡി അംഗീകരിച്ചത് 20വർഷത്തെ പ്രവൃത്തിപരിചയമായിരുന്നു.ഇക്കുറി യോഗ്യതനിശ്ചയിച്ചപ്പോൾ ഇത് 15വർഷമാക്കി. മാത്രമല്ല
ആർ.സി.സിയിലെ അഡിഷണൽ പ്രൊഫസർമാരെല്ലാം പ്രൊഫസർമാരാണെന്നും ഇവർക്ക് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാമെന്നും സെർച്ച് കമ്മിറ്റിക്ക് ആരോഗ്യവകുപ്പ് അഡി.ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ രേഖാമൂലം നിർദ്ദേശവും നൽകി.
അപേക്ഷകരും കുറഞ്ഞു.
#ആർ.സി.സി ഡയറക്ടറാകാൻ ഇത്തവണ അപേക്ഷിച്ചത്
ഏഴ് പേർ മാത്രം.കഴിഞ്ഞവർഷം 15
# അപേക്ഷകരിൽ ആറുപേരും ആർ.സി.സിയിലുള്ളവർ
# മുൻവർഷങ്ങളിൽ ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിലുള്ള നിരവധിപേർ അപേക്ഷകരായിരുന്നു.
യോഗ്യതയിൽ വെള്ളംചേർത്ത് വിജ്ഞാപനമിറക്കിയത് തിരിച്ചടിയായെന്നാണ് വിവരം.