കുട്ടിക്കാലടികൾ ലഹരിയിൽ വഴുതരുത്, പ്രതിരോധപാഠങ്ങൾ അദ്ധ്യാപകർക്ക്
തിരുവനന്തപുരം:ക്ളാസിലൊരു വിദ്യാർത്ഥി ലഹരി ഉപയോഗിച്ചാൽ വളരെവേഗം പിടിക്കപ്പെടുന്നൊരു കാലമുണ്ടായിരുന്നു.അക്കാലം കഴിഞ്ഞുപോയി.എന്നാൽ ഇളംതലമുറയുടെ ഭാവിയ്ക്കായി കരുതൽ ശക്തിപ്പെടുത്താനൊരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.വിദ്യാർത്ഥികൾക്കിടയിലെ ലഹരിസ്വാധീനവും ഉപയോഗവും കണ്ടെത്താനും പ്രതിരോധിക്കാനും അദ്ധ്യാപകരെ സജ്ജമാക്കാനുള്ള കർമ്മപദ്ധതിയാണ് വകുപ്പ് തയാറാക്കുന്നത്.ലഹരിവിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തി പുതിയ രീതിയിലുള്ള അദ്ധ്യാപക പരിശീലനം മേയ് 13 മുതൽ ആരംഭിക്കും.കുട്ടികളിലെ മാനസികാരോഗ്യം,സൈബർ സുരക്ഷ,ലഹരി ഉപയോഗം കണ്ടെത്തൽ,കൗൺസലിംഗ് എന്നിവ ഉൾപ്പെടുന്നതാണ് പരിശീലനം.പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ സംസ്ഥാനത്തെ മുഴുവൻ അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് ബി.ആർ.സികൾ കേന്ദ്രീകരിച്ചുള്ള പരിശീലനം.അദ്ധ്യാപർക്കായി നടപ്പാക്കുന്ന അൻപത് മണിക്കൂർ പരിശീലനത്തിലാണ് ലഹരിപ്രതിരോധത്തിന്റെ പാഠങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.അദ്ധ്യാപക പരിശീലനത്തിൽ 25 മണിക്കൂർ അവധിക്കാലത്തും 25 മണിക്കൂർ അദ്ധ്യയനവർഷം ആരംഭിച്ചശേഷവുമാണ് നടപ്പാക്കുന്നത്.പരിശീലനത്തിൽ മാനസികാരോഗ്യ വിദഗ്ധരും ക്ലാസുകൾ നൽകും.അദ്ധ്യയന വർഷം ആരംഭിച്ചശേഷമുള്ള പരിശീലനം അഞ്ച് ക്ലസ്റ്ററാണ് നൽകുന്നത്.