മുനമ്പം ഭൂമി വീണ്ടെടുക്കും: കിരൺ റിജിജു
കൊച്ചി: മുനമ്പത്തെ പാവങ്ങളുടെ ഭൂമി വീണ്ടെടുത്ത് നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ചില വിഷയങ്ങൾ ട്രൈബ്യൂണലിന്റെ പരിഗണനയിൽ ആയതിനാൽ കൃത്യമായ തീയതി പ്രഖ്യാപിക്കുന്നത് ശരിയല്ല. രാജ്യത്ത് വിവിധ മേഖലകളിൽ വഖഫ് ബോർഡ് കൈയടക്കിവച്ച മുഴുവൻ ഭൂമിയും വീണ്ടെടുത്ത് യഥാർത്ഥ ഉടമകൾക്ക് കൈമാറും. വഖഫ് നിയമം ഭേദഗതിചെയ്ത കേന്ദ്രസർക്കാരിന് നന്ദിപ്രകടിപ്പിച്ച് മുനമ്പത്ത് ദേശീയ ജനാധിപത്യസഖ്യം സംഘടിപ്പിച്ച 'നന്ദി മോദി' ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പറഞ്ഞകാര്യങ്ങൾ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പമുള്ളപ്പോൾ എല്ലാവിഭാഗങ്ങൾക്കും തുല്യനീതി കിട്ടിയിരിക്കും. കോൺഗ്രസും സി.പി.എമ്മും മുനമ്പത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം സമരവേദിയിൽ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജോർജ് കുര്യൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർക്ക് ഉജ്ജ്വല വരവേല്പ് നൽകി. അഡ്വ. ഷോൺ ജോർജ് അദ്ധ്യക്ഷനായി.