എം.വി. ജയരാജന്റെ അതേവഴിയിൽ രാഗേഷും
കണ്ണൂർ: കണ്ണൂരിൽ സി.പി.എമ്മിനെ നയിക്കാൻ കെ.കെ.രാഗേഷ് എത്തുന്നത് ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ എം.വി.ജയരാജന്റെ അതേവഴിയിലൂടെ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെയാണ് 2019ൽ എം.വി.ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥി ആയതോടെയാണ് എം.വി.ജയരാജൻ ആ സ്ഥാനത്ത് എത്തുന്നത്. പിന്നീട് 2021, 2025 പാർട്ടി സമ്മേളനങ്ങളിലും എം.വി.ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു.
അദ്ദേഹം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് കെ.കെ.രാഗേഷ് ഇപ്പോൾ ജില്ലാ സെക്രട്ടറി പദവിയിൽ എത്തുന്നത്. എം.പ്രകാശൻ, പനോളി വത്സൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ് തുടങ്ങിയ പേരുകളും ഈ സ്ഥാനത്തേക്ക് ഉയർന്നിരുന്നു. എന്നാൽ, രാജ്യത്തെ ഏറ്റവും ശക്തമായ പാർട്ടി ഘടകമായ കണ്ണൂരിൽ നേതൃസ്ഥാനത്തേക്ക് ഏറ്റവും വിശ്വസ്തനായ രാഗേഷിനെ നിശ്ചയിക്കാൻ മുഖ്യമന്ത്രി നേരിട്ട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തുകയായിരുന്നു.
1970 മേയ് 13ന് കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്ട് സി.ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ.കെ.യശോദയുടെയും മകനായിട്ടാണ് രാഗേഷിന്റെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക്.
എസ്.എഫ്.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. 2015ൽ രാജ്യസഭാംഗമായി. 2021ൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. 'സ്വാശ്രയ നിയമം പ്രതീക്ഷയും പ്രതിരോധവും' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ്. മക്കൾ: വിദ്യാർത്ഥികളായ ശാരിക, ചാരുത.
പാർട്ടിയുടെ സ്വാധീന കേന്ദ്രമായ കണ്ണൂർ ജില്ലയുടെ സെക്രട്ടറി എന്ന ചുമതല ഏറ്റവും ഉത്തരവാദിത്വം നിറഞ്ഞതാണ്. എല്ലാവരുമായി കൂടിയാലോചിച്ച് കൂട്ടായി ചുമതല നിർവഹിക്കും. -കെ.കെ.രാഗേഷ്
പുകഴ്ത്തി ദിവ്യ എസ്.അയ്യർ
തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെ അഭിനന്ദിച്ച് സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം സീപോർട്ട് എം.ഡിയുമായ ദിവ്യ എസ്.അയ്യർ. കർണനു പോലും അസൂയ തോന്നുംവിധമുള്ളതാണ് കെ.കെ.ആറിന്റെ കവചമെന്ന് ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽനിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ പാഠപുസ്തകവും കഠിനാധ്വാനത്തിന്റെ മഷിക്കൂടുമാണ് അദ്ദേഹമെന്നും ദിവ്യ കുറിച്ചു. മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്റെ ചിത്രവും പോസ്റ്റ് ചെയ്തു.ദിവ്യയ്ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. എ.കെ.ജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ദിവ്യ ഓർക്കണമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ വിമർശിച്ചു.