ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് തിരിച്ചറിയിൽ നമ്പർ
തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കി. ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ കൈമാറുന്നത് തടയാനാണിത്. അംഗീകാരമുള്ള സ്‌കൂളുകളുടെ വാഹനങ്ങൾ മറ്റുള്ളവയ്ക്ക് വാടകയ്ക്ക് കൊടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസ് നമ്പറിന്റെ മുൻഗണന ക്രമപ്രകാരമാണ് ബോണറ്റ് നമ്പർ നൽകുക. ഓരോ ഡ്രൈവിംഗ് സ്‌കൂളിനും വാഹനങ്ങളുടെ എണ്ണം അനുസരിച്ച് ഒന്നു മുതൽ നമ്പറുകൾ അനുവദിക്കും. ലൈസൻസ് നമ്പർ, കാലാവധി, സ്‌കൂളിന്റെ പേര്, സ്ഥലം, എന്നിവയും ഒപ്പമുണ്ടാകും. കാറുകളിൽ ബോണറ്റിന്റെ മദ്ധ്യഭാഗത്തും, പിൻഭാഗത്ത് ഡിക്കി ഡോറിന്റെ മദ്ധ്യഭാഗത്തുമാണ് നമ്പർ പതിക്കേണ്ടത്. ഹെവി വാഹനങ്ങളിൽ മുൻ പിൻ ചില്ലുകളിൽ പതിക്കണം. മോട്ടോർ സൈക്കിളുകളിൽ ഇന്ധന ടാങ്കിന്റെ ഇടതുവശത്താണ് നമ്പർ പ്രദർശിപ്പിക്കേണ്ടത്.
കെ.എ.എസ് കൺഫർമേഷൻ 30വരെ നൽകാം
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) തസ്തികകളുടെ പ്രാഥമിക പരീക്ഷ ജൂൺ 14 ന് നടത്തും. പ്രാഥമിക പരീക്ഷയ്ക്കുള്ള കൺഫർമേഷൻ ഈമാസം30 വരെ നൽകാം. ഉദ്യോഗാർത്ഥികൾക്ക് കൺഫർമേഷൻ നൽകുന്ന സമയത്ത് ചോദ്യപേപ്പർ ഭാഷ തിരഞ്ഞെടുക്കാം.
പ്രമാണപരിശോധന കേരള ബാങ്ക് ക്ലർക്ക്, കാഷ്യർ തസ്തികയിലേക്ക് ഈമാസം 21 മുതൽ 30വരെയും മെയ് 2, 3, 5 തീയതികളിലും രാവിലെ 10.15 ന് പി.എസ്.സി ആസ്ഥാനത്ത് വച്ച് പ്രമാണപരിശോധന നടത്തും.
എൻട്രൻസ് പ്രാക്ടീസ് ടെസ്റ്റിന് സൗകര്യം
തിരുവനന്തപുരം:എൻജിനിയറിംഗ്,ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക്(കീം 2025)അപേക്ഷിച്ചവർക്ക് www.cee.kerala.gov.inൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0471-2332120, 2338487.