മ്യൂക്കൂണ വള്ളികൾ വ്യാപകം. വനമേഖല നാശത്തിന്റെ വക്കിൽ

Tuesday 15 April 2025 11:38 PM IST

കാളികാവ്: ചോക്കാടൻ മലവാരങ്ങളിൽ മ്യൂക്കൂണ കാട്ടുവള്ളികൾ വ്യാപകം. വനമേഖല നാശത്തിന്റെ വക്കിൽ. ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ സസ്യത്തിന്റെ വളർച്ച വളരെ വേഗത്തിലാണ്. നൂറ് കണക്കിന് ഏക്കറുകളിലെ സ്വാഭാവിക വനത്തെ ഇതിനകം വള്ളികൾ മൂടിക്കഴിഞ്ഞു. ചോക്കാട് നാൽപ്പത് സെന്റ് പ്രദേശത്തെ മലവാരത്തിലാണ് വ്യാപകമായി വള്ളികളുടെ പിടിയിലായത്. ഈ പ്രദേശത്തെ വൻമരങ്ങളല്ലാത്ത അടിക്കാടുകളും ഔഷധ സസ്യങ്ങളും പൂർണ്ണമായും നശിച്ചു കഴിഞ്ഞു. വൻ മരങ്ങളിൽ പടർന്നു കയറുന്ന വള്ളികൾ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മരങ്ങളെ ഉണക്കിക്കളയും. വൻ കിട റബർ തോട്ടങ്ങളിലെ അടിക്കാട് നശിപ്പിക്കുന്നതിനായി ഈ വള്ളികൾ മുമ്പ് തന്നെ ഉപയോഗത്തിലുണ്ട്. റബ്ബർ മരങ്ങൾ വലുതാകുമ്പോൾ തോട്ടങ്ങളിലെ വള്ളികൾ നശിപ്പിക്കാറാണ് പതിവ്.എന്നാൽ വന മേഖലയിൽ കയറികൂടുന്ന വള്ളികൾ അനിയന്ത്രിതമായി വളർന്നു വ്യാപിക്കുകയാണ്.അതി വേഗത്തിലാണ് ഇതിന്റെ വളർച്ചയെന്നതാണ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത്. വള്ളികളിൽ കായ്ച്ചു വളരുന്ന പയറുകൾ ശേഖരിക്കാൻ ആദിവാസികളടക്കം ധാരാളം പേരാണ് ഇവിടേക്ക് മലകയറുന്നത്. വനത്തോട് ചേർന്ന റബ്ബർ തോട്ടങ്ങളിൽ നിന്നാണ് മ്യൂക്കുണ വള്ളി വനത്തിലേക്ക് പടർന്ന് പിടിച്ചത്. വള്ളികൾ പിഴുതു മാറ്റുന്നതിനായി വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാവാറില്ല. ചോക്കാട് ഭാഗത്തെ സന്നദ്ധ പ്രവർത്തകർ പലപ്പോഴായി വള്ളികൾ വെട്ടിമാറ്റാറുണ്ട്. അതൊന്നും വ്യാപനം തടയാൻ സാധ്യമാകുന്നില്ല. ഔഷധ സസ്യങ്ങളുടെ വ്യാപക നാശത്തിന് കാരണമാകുന്നതോടൊപ്പം അടിക്കാടുകൾ നശിക്കുന്നത് മൂലം വന്യജീവികളുടെ ആവാസ വ്യവസ്ഥയും താളംതെറ്റാനിടയാകും.