ബസ് ടിക്കറ്റിനൊപ്പം കൈനീട്ടവും: വി​ഷുദി​നത്തി​ൽ ഹൃദ്യമായ യാത്ര

Wednesday 16 April 2025 12:10 AM IST

കോഴഞ്ചേരി : ടിക്കറ്റിനൊപ്പം വിഷു ആശംസകൾ, ടിക്കറ്റ് നിരക്ക് വാങ്ങുമ്പോൾ തിരികെ വിഷുക്കൈനീട്ടവും. റാന്നി - കോഴഞ്ചേരി - തിരുവനന്തപുരം സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലായിരുന്നു ഈ അപൂർവത. രാവിലെ 5.30 ന് തോണിപ്പുഴയിലായിരുന്നു ഉദ്ഘാടനം. പത്തനം തിട്ട ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തി​രഞ്ഞെടുക്കപ്പെട്ട മിനി കുമാരിയാണ് റാന്നിയിൽ നിന്നെത്തിയ ബസ് ജീവനക്കാർക്ക് വിഷു കൈനീട്ടം നൽകി​ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് യാത്രയിലുടനീളം ബസിൽ യാത്ര ചെയ്യുന്നവർക്ക് നൽകാനുള്ള ആശംസാകാർഡും വിഷുക്കൈനീട്ടവും ബസ് ജീവനക്കാരെ ഏല്പിച്ചു. ഈ ബസിൽ 125 യാത്രക്കാർക്ക് വിഷു ആശംസകളർപ്പിച്ച് കൈ നീട്ടം നൽകി​. കൂടാതെ രാവിലെ 5.05 ന് പുറപ്പെടുന്ന കോഴഞ്ചേരി - തിരുവനന്തപുരം ബസിലും നെടുംപ്രയാർ കുറിയന്നൂർ സൗഹൃദ കൂട്ടായ്മ വിഷു കൈനീട്ടം നൽകി​. കെ എസ് ആർ ടി സി ചീഫ് ഓഫീസിന്റെ അനുമതിയോടെ നടത്തിയ പ്രവർത്തനങ്ങൾക്ക് ഭാരവാഹികളായ പ്രൊഫ.തോമസ് പി.തോമസ്, ഹരി ഇളംപുരയിടത്തിൽ, സുരേഷ് മണ്ണിൽ, അനിരാജ് ഐക്കര തുടങ്ങിയവർ നേതൃത്വം നല്കി. കഴിഞ്ഞ 9 വർഷമായി വിശേഷദിവസങ്ങളിൽ കെ എസ് ആർ ടി സിയെ വരവേൽക്കുന്നതിനും ജീവനക്കാരെ ആദരിക്കുന്നതിനും പൊതുജന സഹകരണത്തോടെ സർക്കാർ സംവിധാനങ്ങളെ ജനകീയമാക്കുന്നതിനും ജീവനക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ഈ കൂട്ടായ്മ ശ്രമിച്ചു വരുന്നു.