സൈബർ തട്ടിപ്പിൽ കുരുങ്ങി മലയാളി: മൂന്നു വർഷത്തിനിടെ നഷ്ടം 1200കോടി

Wednesday 16 April 2025 1:09 AM IST

തിരുവനന്തപുരം: സൈബർ തട്ടിപ്പുകളിലൂടെ മൂന്നുവർഷത്തിനിടെ മലയാളിക്ക് നഷ്ടമായത് 1200കോടി രൂപ. വാഹനത്തിന് പെറ്റിയുണ്ടെന്നും കുറഞ്ഞ തുകയ്ക്ക് ഫോൺ റീച്ചാർജ് ചെയ്യാമെന്നുമുള്ള വ്യാജസന്ദേശങ്ങൾ മുതൽ സി.ബി.ഐയുടെ വെർച്വൽ അറസ്റ്റ് വരെ വിവിധതരം തട്ടിപ്പുകളാണ്. അഞ്ചുവർഷത്തിനിടെ 86,81കേസെടുത്തു.

പരാതികൾ അരലക്ഷത്തിലേറെയുണ്ട്. 180 കോടി രൂപ പൊലീസ് തിരിച്ചുപിടിച്ചു. കഴിഞ്ഞവർഷം 763 കോടിയും ഈവർഷം 180 കോടിയും സൈബർ കൊള്ളക്കാർ കൊണ്ടുപോയി. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികംപേർ തട്ടിപ്പിനിരയാവുന്നത്. ഇരകളിൽ ഐ.ടി വിദഗ്ദ്ധർ, ഡോക്ടർമാർ, ഗവ. ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ബാങ്കുദ്യോഗസ്ഥർ, സൈനികർ എന്നിവരുണ്ട്. ഉത്തരേന്ത്യയും വിദേശരാജ്യങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പുകളേറെയും. ജോലിവാഗ്ദാനം, അമിതലാഭം വാഗ്ദാനം ചെയ്തുള്ള നിക്ഷേപതട്ടിപ്പുകൾ, ഓൺലൈൻ ട്രേഡിംഗ് ഇങ്ങനെയാണ് പണംപോവുന്ന വഴികൾ. ശരാശരി 85 ലക്ഷം രൂപ പ്രതിദിനം തട്ടുന്നതായാണ് കണക്ക്. 2023ലെ കൊള്ളയടി 201.8കോടിയായിരുന്നു.

പണം നഷ്ടമായി രണ്ടു മണിക്കൂറിനകം 1930 എന്ന ഹെൽപ്പ് ലൈനിൽ അറിയിച്ചാൽ തിരിച്ചുപിടിക്കാം. മിക്കപ്പോഴും 10 ദിവസം വരെ കഴിഞ്ഞാണ് പരാതി കിട്ടാറുള്ളത്. അതിനകം തട്ടിപ്പുകാർ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കും. ഇത്തരം അരലക്ഷത്തോളം ബാങ്ക്അക്കൗണ്ടുകൾ ഇതിനകം മരവിപ്പിച്ചു.

കേസുകൾ കുതിക്കുന്നു

2016---------------283

2017---------------320

2018---------------340

2019---------------307

2020---------------426

2021---------------626

2022---------------773

2023---------------3295

2024---------------3581

2025---------------406

(ഫെബ്രുവരി വരെ)

 രാജ്യത്ത് കഴിഞ്ഞ വർഷം തട്ടിയ തുക- 22,812കോടി

 നാലുവർഷം രാജ്യത്തെ തട്ടിപ്പ്- 33,165കോടി