നാടിന് കൗതുകം ആശാന്റെ ഏറുമാടം

Wednesday 16 April 2025 12:16 AM IST

മാങ്കൂട്ടം : വീട്ടുമുറ്റത്തൊരു ഏറുമാടം, ഒഴിവുനേരങ്ങളിൽ അവിടെ വിശ്രമം. ഏഴംകുളം മാങ്കൂട്ടം കാഞ്ഞിക്കൽ പുത്തൻവീട്ടിൽ ശിവൻപിള്ള ആശാൻ വ്യത്യസ്തനാകുകയാണ്. ഏഴംകുളം തൂക്കത്തിന് തൂക്കക്കാർക്ക് പയറ്റ് പരിശീലനം നൽകുന്ന ആശാനാണ് ശിവൻപിള്ള. ഷീറ്റും തകരവും പേപ്പർബോർഡും തുടങ്ങി വീട്ടിൽ ഉപയോഗശൂന്യമായവ കൊണ്ട് അദ്ദേഹം നിർമ്മിച്ചതാണ് ഏറുമാടം. പ്രധാന റോഡിൽ നിന്ന് അല്പം ഉള്ളിലായി റബർത്തോട്ടങ്ങൾക്ക് നടുവിലാണ് കാഞ്ഞിക്കൽ പുത്തൻവീട്. പരിസരത്ത് മറ്റുവീടുകൾ ഇല്ലാത്തതിനാൽ നിശബ്ദമായ അന്തരീക്ഷം, റബർ മരങ്ങൾ നിറഞ്ഞ പരിസരത്ത് വേനൽക്കാലത്ത് പോലും ചൂടനുഭവപ്പെടാറില്ല.

ഈ അന്തരീക്ഷത്തിൽ വിശ്രമിക്കാനും വായിക്കാനുമൊരിടം എന്ന ചിന്തയിലാണ് ഏറുമാടത്തിന് രൂപം നൽകുന്നത്. വീട്ടുമുറ്റത്ത് വലതുഭാഗത്തായി നിൽക്കുന്ന തെങ്ങിനോട് ചേർന്ന് ഏറുമാടമൊരുക്കി. ഇരുമ്പ് തൂണുകളും ഗോവേണിയും ഏറുമാടത്തിന് കരുത്താകുന്നു. കട്ടിലിൽ എന്നപോലെ വിശ്രമിക്കാനും അതിഥികൾ വന്നാൽ ഇരിക്കാനുള്ള സൗകര്യവും ഏറുമാടത്തിലുണ്ട്.

ആശാൻ പത്രവായിക്കാനും റേഡിയോ കേൾക്കാനും ഏറുമാടത്തിലെ സൗകര്യം ഉപയോഗപ്പെടുത്തുന്നു. ആശാന്റെ വീട്ടുമുറ്റവും താമരയും ആമ്പലുമൊക്കെയാൽ സമൃദ്ധവുമാണ്.