ആഴ്സനലിൽ അവസാനിക്കുമോ റയൽ ?
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് - ആഴ്സനൽ രണ്ടാം പാദ ക്വാർട്ടർ ഇന്ന്
ആദ്യ പാദത്തിൽ ആഴ്സനൽ 3-0ത്തിന് റയലിനെ തോൽപ്പിച്ചിരുന്നു.
റയൽ മാഡ്രിഡ് Vs ആഴ്സനൽ
ബയേൺ മ്യൂണിക്ക് Vs ഇന്റർ മിലാൻ
രാത്രി 12.30 മുതൽ സോണി സ്പോർട്സ് ചാനൽ ശൃംഖലയിൽ
മാഡ്രിഡ് : നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഇക്കുറി സെമിയിലെത്താനാകുമോ അതോ ആഴ്സനലിന് മുന്നിൽ അവസാനിക്കേണ്ടിവരുമോ എന്ന് ഇന്നുരാത്രിയറിയാം. രാത്രി 12.30നാണ് റയൽ മാഡ്രിഡും ആഴ്സനലും തമ്മിലുള്ള
രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരം റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കുന്നത്. ആഴ്സനലിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ റയൽ മറുപടിയില്ളാത്ത മൂന്നുഗോളുകൾക്ക് തോറ്റിരുന്നു. ഇന്ന് ഇതിലും മികച്ച മാർജിനിൽ ജയിച്ചാലേ റയലിന് മുന്നോട്ടുപോകാൻ കഴിയൂ.
ഡെക്ളാൻ റൈസ് ഫ്രീകിക്കുകളിൽ നിന്ന് നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ആഴ്സനൽ ആദ്യ പാദത്തിൽ വിജയം നേടിയത്. രണ്ടാം പാദത്തിൽ ചെറിയ മാർജിനിലെ തോൽവിയോ സമനിലയോ ആയാൽ പോലും സെമിയിലേക്ക് കടക്കാമെന്നതിനാൽ അപകടമൊഴിവാക്കാനുള്ള പ്രതിരോധാത്മക കളിയാകും ആഴ്സനൽ പുറത്തെടുക്കുക. അതേസമയം മിനിമം മൂന്നുഗോളുകളെങ്കിലുമടിച്ച് ജയിച്ചാലേ ഷൂട്ടൗട്ടിലേക്കെങ്കിലും എത്തിക്കാനാകൂ എന്നതിനാൽ സ്വന്തം ഗ്രൗണ്ടിൽ ആദ്യാവസാനം ആക്രമണത്തിനാകും റയൽ മുതിരുക.
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ഇതുവരെ ആഴ്സനലിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്ന് തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. രണ്ട് കളികൾ ആഴ്സനൽ ജയിച്ചു.ഒന്ന് സമനിലയായി.
2005/06 സീസണിലെ ക്വാർട്ടറിലും ഇവർ എതിരിട്ടിരുന്നു. ആദ്യ പാദത്തിൽ ആഴ്സനൽ ജയിച്ചു.രണ്ടാം പാദത്തിൽ സമനിലയായി.
ഇന്റർ കടക്കാൻ ബയേൺ
ഇന്ന് നടക്കുന്ന മറ്റൊരു ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ഇന്റർ മിലാനും ഏറ്റുമുട്ടും. ബയേണിന്റെ തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ ഇന്റർ മിലാൻ 2-1ന് ജയിച്ചിരുന്നു. ഇന്ന് ഇന്റർ മിലാന്റെ തട്ടകമായ സാൻ സിറോയിലാണ് മത്സരം.
8 തവണ ഇതിനുമുമ്പ് ബയേണും ഇന്ററും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 4 വിജയം ബയേണിന്. മൂന്ന് ജയം ഇന്ററിന്. ഒരു കളി സമനിലയിൽ പിരിഞ്ഞു.
നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ഇത്തവണത്തെ പുതിയ ഫോർമാറ്റിൽ ആദ്യ റൗണ്ടിൽ 11-ാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലേക്ക് കടക്കാൻ പ്ളേ ഓഫ് കളിക്കേണ്ടിവന്ന ടീമാണ് റയൽ മാഡ്രിഡ്. പ്ളേ ഓഫിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് പ്രീ ക്വാർട്ടറിലെത്തിയ റയൽ അവിടെ അത്ലറ്റിക്കോ മാഡ്രിഡിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ക്വാർട്ടറിൽ ഇടം പിടിച്ചത്. മറുവശത്ത് പ്രാഥമിക റൗണ്ടിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ആഴ്സനൽ നേരിട്ട് പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു. പ്രീ ക്വാർട്ടറിൽ ഡച്ച് ക്ളബ് പി.എസ്.വി ഐന്തോവനെ ഇരുപാദങ്ങളിലുമായി 9-3നാണ് ആഴ്സനൽ മറികടന്നത്. ആദ്യ പാദത്തിൽ 7-1ന് ആഴ്നസൽ ജയിച്ചപ്പോൾ രണ്ടാം പാദത്തിൽ 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. മുൻചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ഇന്റർ മിലാനും ഇന്ന് ആദ്യ പാദ ക്വാർട്ടറിൽ ബയേണിന്റെ തട്ടകമായ അലിയൻസ് അരീന സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുന്നത്. പ്രാഥമിക റൗണ്ടിലെ എട്ടുമത്സരങ്ങളിൽ ആറും ജയിച്ച് നാലാം സ്ഥാനക്കാരായി നേരിട്ട് പ്രീ ക്വാർട്ടറിലെത്തിയവരാണ് ഇന്റർ മിലാൻ. പ്രീ ക്വാർട്ടറിൽ ഡച്ച് ക്ളബ് ഫെയനൂർദിനെ ഇരുപാദങ്ങളിലും തോൽപ്പിച്ചിരുന്നു. പ്രാഥമിക റൗണ്ടിൽ ഒൻപതാം സ്ഥാനത്തായിപ്പോയതിനാൽ പ്രീ ക്വാർട്ടറിലെത്താൻ പ്ളേഓഫിൽ സ്കോട്ടിഷ് ക്ളബ് കെൽറ്റിക്കിനെ തോൽപ്പിക്കേണ്ടിവന്നു. ക്വാർട്ടറിൽ മറ്റൊരു ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെയാണ് മറികടന്നത്