സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ഇന്ന്

Wednesday 16 April 2025 2:28 AM IST

തിരുവനന്തപുരം: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ ഷാജി എൻ. കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും. പൃഥ്വിരാജ് സുകുമാരൻ,ഉർവശി,ബ്ലെസി,വിജയരാഘവൻ,റസൂൽ പൂക്കുട്ടി,വിദ്യാധരൻ മാസ്റ്റർ,ജിയോ ബേബി,ജോജു ജോർജ്,റോഷൻ മാത്യൂ,സംഗീത് പ്രതാപ് തുടങ്ങി 48 ചലച്ചിത്രപ്രതിഭകൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും.

ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി,കെ.എൻ.ബാലഗോപാൽ,കെ.രാജൻ,വി.കെ പ്രശാന്ത് എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ് കുമാർ,സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ,ഡോ.ദിവ്യ എസ്. അയ്യർ,ജെ.സി ഡാനിയേൽ അവാർഡ് ജൂറി ചെയർമാൻ ടി.വി ചന്ദ്രൻ,ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ സുധീർ മിശ്ര,രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ.ജാനകി ശ്രീധരൻ,സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ,സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുക്കും. അവാർഡ് സമർപ്പണച്ചടങ്ങിനു മുമ്പും ശേഷവുമായി സ്റ്റീഫൻ ദേവസി അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമുണ്ടായിരിക്കും.