വിളിച്ചിട്ട് ചെന്നില്ല, വളർത്തുനായയെ വെട്ടി തെരുവിൽ ഉപേക്ഷിച്ചു

Thursday 17 April 2025 3:30 AM IST

തൊടുപുഴ: വിളിച്ചിട്ട് ചെല്ലാത്തതിന് വളർത്തുനായയെ ഉടമ വെട്ടി പരിക്കേൽപ്പിച്ച ശേഷം തെരുവിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മുതലക്കോടം സ്വദേശി ഇടശേരിയിൽ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ നിലയിലയിൽ മുതലക്കോടം ഭാഗത്ത് നിന്നാണ് നായയെ കണ്ടെത്തിയത്. റെസ്‌ക്യൂ ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് റെസ്‌ക്യൂ ടീം നടത്തിയ അന്വേഷണത്തിലാണ് ഉടമ നായയെ കൂടിനുള്ളിൽ കയറാൻ വിളിച്ചപ്പോൾ എത്താതിന്റെ ദേഷ്യത്തിൽ കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചതെന്ന് അറിഞ്ഞത്. നായയുടെ നട്ടെല്ലിനോട് ചേർന്ന് അഞ്ച് വെട്ടുകളും തലയ്ക്ക് ആഴത്തിലുമാണ് വെട്ടേറ്റത്.

അതേസമയം,നായയുടെ ശസ്ത്രക്രിയ അടക്കം പൂർത്തിയാക്കിയിട്ടുണ്ടെന്നും പൂർണ ആരോഗ്യവാനാകുന്ന മുറയ്ക്ക് നായയെ ദത്ത് എടുക്കാൻ താത്പര്യമുള്ളവർക്ക് നൽകുമെന്നും റെസ്‌ക്യൂ ടീം പറഞ്ഞു. അനിമൽ റെസ്‌ക്യൂ ടീമിന്റെ പരാതിയിലാണ് നായയെ ഉപദ്രവിച്ച ഉടമയ്‌ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്.