സർക്കാർ നിസംഗർ: വി.ഡി.സതീശൻ

Wednesday 16 April 2025 2:37 AM IST

ചാലക്കുടി: പാവപ്പെട്ട മനുഷ്യർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ സർക്കാർ നിസംഗരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കളക്ടർ പോലും സ്ഥലത്തെത്തിയിട്ടില്ല. അത്ര വലിയ കൊമ്പത്തെ ഉദ്യോഗസ്ഥനാണോ കളക്ടർ?. പാവപ്പെട്ട മനുഷ്യർ ഇരകളാകുമ്പോൾ ഒന്ന് ആശ്വസിപ്പിക്കാൻ പോലും സർക്കാരിനെ പ്രതിനിധീകരിച്ച് ഒരാളില്ല. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ ഈ വർഷം 18 പേർക്കാണ് ജീവൻ നഷ്ടമായത്. ഓരോ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പറയുക മാത്രമാണ് വനം മന്ത്രി ചെയ്യുന്നത്. ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടുപോകും.