ഞാങ്കടവ് കുടിവെള്ള പദ്ധതി: പൈപ്പിടൽ കരാർ ഒഴിയാൻ കമ്പനി, കടുത്ത പ്രതിസന്ധി
കൊല്ലം: പൈപ്പിടൽ കരാറിൽ നിന്ന് ഒഴിവാക്കാൻ കരാർ കമ്പനി അധികൃതർ, വാട്ടർ അതോറിട്ടിക്ക് നോട്ടീസ് നൽകിയതോടെ ഞാങ്കടവ് കുടിവെള്ള പദ്ധതി കടുത്ത പ്രതിസന്ധിയിലായി.
കോടതിയെ സമീപിച്ച് കരാർ കമ്പനി അനുകൂല വിധി നേടി കരാർ ഒഴിഞ്ഞാൽ ശേഷിക്കുന്ന ഒന്നര കിലോമീറ്റർ പൈപ്പിടാൻ പുതിയ കരാറുകാരെ ലഭിക്കാൻ വൈകും. കൊല്ലം- തേനി ദേശീയപാതയിൽ 170 മീറ്റർ പൈപ്പിടാൻ മൂന്നരവർഷമായി ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകാത്തതിനാലാണ് കരാർ കമ്പനിയുടെ കടുത്ത നീക്കം.
ഞാങ്കടവിലെ കിണറ്റിൽ നിന്ന് 1219 മില്ലീ മീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് സ്ഥാപിച്ചാണ് വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ശുദ്ധീകരണത്തിനായി കുടിവെള്ളം എത്തിക്കുന്നത്. ചോർച്ച ഉണ്ടാകാതിരിക്കാൻ പൈപ്പുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ പുറത്തും അകത്തും വെൽഡ് ചെയ്യും. ഇനി കഷ്ടിച്ച് ഒന്നര കിലോമീറ്റർ മാത്രമാണ് പൈപ്പിടാനുള്ളത്. 1.5 കിലോമീറ്റർ ഇടാനുള്ള പൈപ്പ് നിലവിലെ കമ്പനി നൽകും. അതിനാൽ ശേഷിക്കുന്ന ചെറിയ ദൂരത്തിലുള്ള പൈപ്പ് സ്ഥാപിക്കൽ മാത്രം ഏറ്റെടുക്കാൻ കരാറുകാരെ ലഭിക്കുക ബുദ്ധിമുട്ടാണ്. പ്രവൃത്തി അനന്തമായി നീളുന്നതിനാൽ നിലവിലെ കരാർ കമ്പനിക്ക് അനൂകൂലമായ കോടതി ഉത്തരവ് ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.
അനങ്ങാപ്പാറ നിലപാട്
ഞാങ്കടവ് മുതൽ വസൂരിച്ചിറ വരെ ആകെ 28 കിലോമീറ്റർ നീളത്തിലാണ് പൈപ്പ് സ്ഥാപിക്കേണ്ടത്. ഇതിൽ ഇളമ്പള്ളൂർ സ്റ്റേഷനും നാന്തിരിക്കലിനും ഇടയിലുള്ള ഒരു കിലോമീറ്റർ ദൂരത്തെ പൈപ്പിടൽ മൂന്നര വർഷം മുമ്പ് പൂർത്തിയായിരുന്നു. ദേശീയപാത ഓരത്തുകൂടി ഒരു കിലോമീറ്റർ ഇടാൻ 'മോർത്ത്' അനുമതി നൽകാത്തതിനാൽ ഇടറോഡിലൂടെ ഒന്നര കിലോമീറ്റർ പൈപ്പിട്ട ശേഷം 170 മീറ്റർ മാത്രം ദേശീയപാതയിലൂടെ പൈപ്പിടാനുള്ള രൂപരേഖയ്ക്കും അനുമതി നിഷേധിച്ചിരിക്കുകയാണ്.
.........................................
പൈപ്പിടൽ 110 കോടിയുടെ കരാർ
പൈപ്പിടൽ തുടങ്ങിയത് 6 വർഷം മുൻപ്
സ്തംഭിച്ചത് 3.5 വർഷം മുമ്പ്
പൈപ്പിട്ടത് 27 കിലോമീറ്റർ
പൈപ്പിട്ടില്ലെങ്കിൽ കുടിവെള്ളം എത്തില്ല
നിലവിലെ കരാർ കമ്പനി കരാറിൽ നിന്ന് ഒഴിവായാൽ ശേഷിക്കുന്ന ചെറിയ തുകയുടെ പ്രവൃത്തി ഏറ്റെടുക്കാൻ പുതിയ കരാറുകാരെ ലഭിക്കുക ഏറെ പ്രയാസമായിരിക്കും
വാട്ടർ അതോറിട്ടി അധികൃതർ