വരും, വന്ദേ സ്ളീപ്പർ കേരളത്തിലേക്കും
തിരുവനന്തപുരം: റെയിൽവേയുടെ പുതിയ സംരംഭമായ വന്ദേസ്ളീപ്പർ ട്രെയിൻ കേരളത്തിനും ലഭിക്കാൻ സാദ്ധ്യത. ഈ വർഷം പകുതിയോടെ വന്ദേസ്ളീപ്പർ ട്രെയിനുകൾ പുറത്തിറങ്ങും. 10 ട്രെയിനുകളാണ് നിർമ്മിക്കുന്നത്. ആദ്യ അലോട്ട് മെന്റ് ഉത്തരേന്ത്യയിലേക്കും രണ്ടാമത്തേത് കേരളത്തിലേക്കുമാണ് പരിഗണിച്ചിട്ടുള്ളത്. തിരുവനന്തപുരം - മംഗലാപുരം റൂട്ടിലായിരിക്കുമിതെന്ന് റെയിൽവേ സഹമന്ത്രി വി. സോമണ്ണ സൂചിപ്പിച്ചു.
ചെലവേറിയ വന്ദേഭാരതിന് രാജ്യത്ത് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത് കേരളത്തിലാണ്. അതുകൊണ്ടാണ് വന്ദേസ്ളീപ്പർ സർവ്വീസിലും കേരളത്തിന് മുൻഗണന നൽകുന്നത്. തിരക്കേറിയ ബംഗളൂരു - എറണാകുളം റൂട്ടിലും വന്ദേസ്ളീപ്പർ സർവ്വീസ് വന്നേക്കും. ചെന്നൈ - ഹൈദരാബാദ് റൂട്ടും പരിഗണനയിലുണ്ട്. ഇക്കൊല്ലം10ഉം അടുത്തവർഷം 50 എണ്ണവുമാണ് പുറത്തിറക്കുക.
16 കോച്ചുകളുള്ള വന്ദേസ്ളീപ്പർ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐ.സി.എഫ്) രൂപകല്പനചെയ്യുന്നത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ആണ് നിർമ്മിച്ചത്. പൂർണമായും ശീതീകരിച്ച വണ്ടിയിൽ 1,128 യാത്രക്കാരെ ഉൾക്കൊള്ളും. വായനയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രകാശസംവിധാനം. ജി.പി.എസ് അധിഷ്ഠിത എൽ.ഇ.ഡി ഡിസ്‌പ്ലേ. മോഡുലാർ പാൻട്രി. ഓട്ടോമാറ്റിക് വാതിലുകൾ. കവച് ഉൾപ്പെടെ സുരക്ഷാസംവിധാനം എന്നിവയാണ് വന്ദേസ്ളീപ്പറിന്റെ സവിശേഷതകൾ. പ്രത്യേക പരിഗണന ആവശ്യമായവർക്കായി ബെർത്തുകളും ശൗചാലയങ്ങളും ക്രമീകരിച്ചിട്ടുണ്ടാവും.