പൂരം ആറാടി; നിറഞ്ഞു കവിഞ്ഞു മനം

Wednesday 16 April 2025 1:40 AM IST

കൊല്ലം: നഗരത്തിന്റെ ഹൃദയ കമാനത്തിൽ വർണക്കുടകൾ പൊട്ടി വിരിഞ്ഞത് ജനഹൃദയങ്ങളിൽ ആനന്ദത്തിരകളായി. അത് ഹരമായി അനേകരിലേക്ക് പടർന്നപ്പോൾ കൊല്ലം പൂരം അഴകിന്റെ അഴകായി. കൊല്ലത്തിന്റെ മനസ് ഒത്തൊരുമയാൽ ഉത്സവ താളത്തിൽ തുടിച്ചപ്പോൾ താമരക്കുളം മഹാഗണപതിയും പുതിയ കാവ് ഭഗവതിയും മുഖാമുഖം അണിനിരന്നു. സ്തവർണങ്ങളും ആകാശത്ത് പെരുമ നിറച്ചപ്പോൾ കൊല്ലം പൂരം സമാനതകളില്ലാത്ത കാഴ്ചപ്പുരമായി. 11 ഗജവീരന്മാർ വീതം ആശ്രാമം ശ്രീകൃഷ്ണ ഭഗവാന്റെ തിരുമുമ്പിലെ ചെറുപൂരം നമിച്ചിട്ടാണ് ആശ്രാമം മൈതാന മദ്ധ്യത്തിൽ മുത്തുക്കുടകളുടെ ഘോഷം നടത്തിയത്. ഗണപതിയും പുതിയകാവ് ദേവിയും ഗജവീരന്മാരുടെ മേൽ തൃക്കൊടിയേറ്റിയപ്പോൾ ആചാരപെരുമ പോലെ വർണ അമിട്ടുകളായി വിടർന്നു. വിവിധ നിറച്ചാർത്തുകളിൽ ദേവീ ദേവതാ രൂപങ്ങൾ കുടകളായപ്പോൾ പതിനായിരങ്ങളിൽ അത് കൗതുക കാഴ്ചയായി. പഞ്ചവാദ്യമേള അകമ്പടിയോടെയും ദീപ പ്രഭയോടെയും ഗജവീരന്മാരുടെ മസ്തകങ്ങളിൽ ആലവട്ടവും വെഞ്ചാമരവും വിടർന്നു. താളമേളങ്ങൾ മുറുകിയ തോടെ അസ്തമയ സൂര്യന്റെ പ്രഭയിൽ പൂര സൂര്യൻ ഉദിക്കുകയായിരുന്നു. ചങ്ങനാശേരി ദേശക്കാർ വ്രതശുദ്ധിയോടെ ഒരുക്കിയ വർണക്കുടകളും തട്ടുകുടകളുമാണ് കുടമാറ്റത്തെ വർണാഭമാക്കിയത്. കൊല്ലത്തിന്റെ മനസുകൾ ആവേശത്തിമിർപ്പോടെ ഒരേ താളത്തിൽ തുടിച്ച സന്ധ്യയ്ക്ക് തുടങ്ങി ഒന്നര മണിക്കൂറോളം നീണ്ട പൂരച്ചമയത്തിന് ശേഷം അടുത്ത വിഷുവിന് കാണാമെന്ന ഉപചാരം ചൊല്ലി ഇരു കൂട്ടരും പിരിഞ്ഞു.

വെടിക്കെട്ട് നിഷേധിച്ചത് പുനഃപരിശോധിക്കണം:

വി.എൻ. വാസവൻ

ആശ്രാമം പുരവുമായി ബന്ധപ്പെട്ട വെടിക്കെട്ടിന് അനുമതി നൽകേണ്ടതായിരുന്നുവെന്ന് മന്ത്രി വി.എൻ.വാസവൻ. കൊല്ലം പൂരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വെടിക്കെട്ട് സംബന്ധിച്ച് പുനഃപരിശോധന വേണമെന്ന ഹൈക്കോടതി നിർദേശം സംബന്ധിച്ച് ജനവികാരത്തെ മാനിച്ച് പരിഹാരം കാണണമായിരുന്നു. പൂരത്തിന് ആനയും വെടിക്കെട്ടും നടത്തുന്നതിന് പകരം രണ്ട് പേർക്ക് വീടുവച്ചു കൊടുക്കാമെന്ന കളക്ടറുടെ പരാമർശത്തെക്കുറിച്ച് അദ്ധ്യക്ഷൻ സൂചിപ്പിച്ചപ്പോൾ മറ്റു പലരും അത് ചെയ്യുന്നുണ്ടല്ലോ എന്ന് മന്ത്രി പറഞ്ഞു.

പൂരം എന്നത് ആനയും മേളവും വെടിക്കെട്ടും ചേർന്നതാണ്. അതിന് അനുമതി നൽകുന്നതിൽ തെറ്റില്ല. കൂടൽ മാണിക്യംക് ഷേത്രത്തിൽ ഒ.ബി.സിക്കാരന് കഴക സ്ഥാനത്ത് ജോലി നൽകാതിരുന്നത് തന്ത്രി മുഖ്യന്മാരുടെ ഇടപെടൽ മൂലമാണെന്നും മന്ത്രി പറഞ്ഞു. 45 വർഷമായി ആശ്രാമം ക്ഷേത്രോത്സമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എസ്.എസ്. നായരെയും ആർട്ടിസ്റ്റ് ജെ.ഡി. ഗോപനെയും മന്ത്രി ആദരിച്ചു. പൂരം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. വിജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേയർ ഹണി ബെഞ്ചമിൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡെപ്യൂട്ടി. മേയർ എസ്. ജയൻ, മന്ത്രി. ജെ. ചിഞ്ചുറാണി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവർ സംസാരിച്ചു.