ദേവ് ഡയറി ഫാമിൽ കത്തിയുമായി സാമൂഹ്യവിരുദ്ധരുടെ ആക്രമണം

Wednesday 16 April 2025 1:40 AM IST

കൊല്ലം: തൃക്കോവിൽവട്ടം ദേവ് ഡയറി ഫാമിൽ കത്തിയുമായെത്തി സാമൂഹ്യവിരുദ്ധർ അക്രമം അഴിച്ചുവിട്ടു. ഫാമിലെ ഉപകരണങ്ങൾ നശിപ്പിച്ച സംഘം ഇതര സംസ്ഥാനക്കാരനായ തൊഴിലാളിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് വധഭീഷണിയും മുഴക്കി.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 2.20 ഓടെയാണ് പ്രദേശത്തുള്ള എട്ടോളം സാമൂഹ്യവിരുദ്ധർ ഫാമിനുള്ളിൽ അതിക്രമിച്ച് കടന്നത്.

ആദ്യം ഫാമിൽ ചാണകം ഉണക്കുന്ന യന്ത്രം തകർക്കാൻ ശ്രമിച്ച സംഘം തടയാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിക്കുകയായിരുന്നു. ഫാമിലാകെ കറങ്ങിനടന്ന് അസഭ്യവർഷവും നടത്തി. തിങ്കളാഴ്ചയും സാമൂഹ്യവിരുദ്ധർ ഫാമിൽ കയറി അസഭ്യവർഷം നടത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫാം അധികൃതർ കമ്മിഷണർക്ക് പരാതി നൽകി.

മതിലില്ലാത്ത ഭാഗത്ത് കൂടി ഫാമിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കടന്ന് ലഹരി ഉപയോഗം പതിവാക്കിയതോടെ പൂർണമായും മതിൽകെട്ടി അടച്ചിരുന്നു. മതിൽ നിർമ്മാണത്തിനിടെ ഇതേ സംഘം തൊഴിലാളികളെ അക്രമിക്കുകയും നിരീക്ഷണ കാമറ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പൊലീസ് നടപടി ഉണ്ടായതിന്റെ വൈരാഗ്യത്തിൽ സാമൂഹ്യവിരുദ്ധർ ചില പ്രദേശവാസികളെ കൂട്ടുപിടിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഫാം പൂട്ടിക്കാൻ ശ്രമിക്കുന്നുവെന്നും പരാതിയുണ്ട്.