കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു
മടത്തറ: കുളത്തൂപ്പുഴ പാതയിൽ മൈലമൂട് ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം നഷ്ടപ്പെട്ട് തല കീഴായി മറിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 11ന് തെന്മല ഉറുകുന്നു സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു. തല കീഴായി കാർ മറിഞ്ഞതുകൊണ്ടു കാറിനകത്തുള്ളവർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ കുരുങ്ങി കിടക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് തൊട്ടടുത്ത വീട്ടുകാരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഹൈവേ പാതയിൽ മഴയിൽ ഒലിച്ചു വന്ന് കിടന്ന മൺത്തിട്ടയിലും ചരലിലും തട്ടിയാണ് കാർ മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഹൈവേ പാതയിൽ ഉടനീളം മണ്ണൊലിച്ചു വന്ന് കിടക്കുന്നതുകൊണ്ടാണ് വാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു