ഓട്ടോ തൊഴിലാളികൾക്ക് മർദ്ദനം; പൊലീസിനെതിരെ പ്രതിഷേധം
Wednesday 16 April 2025 1:56 AM IST
പുനലൂർ: വിഷു ദിനത്തിൽ രാവിലെ ഓട്ടോ തൊഴിലാളികളെ പൊലീസ് മർദ്ദിച്ചതിനെതിരെ പ്രതിഷേധം. തൂക്കുപാലത്തിന് സമീപമുള്ള സ്റ്റാൻഡിലെ തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത്. മദ്യലഹരിയിൽ എത്തിയയാൾ ഓട്ടോറിക്ഷകൾക്ക് നേരെ മദ്യകുപ്പിയും കല്ലും വലിച്ചെറിയുമെന്ന് കണ്ട് ഇവിടുള്ള ഡ്രൈവർ ഇയാളെ തടഞ്ഞു. ഈ സമയം എത്തിച്ചേർന്ന പൊലീസ് കൂടിനിന്നവരെ കാര്യമന്വേഷിക്കാതെ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഓട്ടോതൊഴിലാളികൾ സംയുക്ത യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ യൂണിയൻ നേതാക്കളായ എം.എ. രാജഗോപാൽ, ജെ. ഡേവിഡ്, ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. തൊഴിലാളികളെ മർദ്ദിച്ച എ.എസ്.ഐക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.