മാസപ്പടി കേസിൽ തുടർ നടപടി ഉടനില്ല, വീണാ വിജയനടക്കം ആശ്വാസം; രണ്ട് മാസത്തേക്ക് നടപടികൾ തടഞ്ഞ് ഹൈക്കോടതി

Wednesday 16 April 2025 12:48 PM IST

കൊച്ചി: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ കോടതി നിർദ്ദേശം. സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി രണ്ട് മാസത്തേക്കാണ് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നതാണ് രണ്ട് മാസത്തേക്ക് തടഞ്ഞത്. ഇതോടെ കേസിലെ പ്രതികളായ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അടക്കമുള്ളവർക്ക് താൽക്കാലിക ആശ്വാസമായി.

കേന്ദ്ര സർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടി. ഇതോടെയാണ് കോടതി രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. കേസ് ഹൈക്കോടതി പുതിയ ഡിവിഷൻ ബെഞ്ചിലേക്കയക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) സമർപ്പിച്ച കുറ്റപത്രം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറുമെന്ന വിവരം പുറത്തുവന്നിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഇത്തരത്തിൽ നിർദേശം നൽകിയത്. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ രേഖകൾ തേടി എസ്എഫ്‌ഐഒയ്ക്ക് കത്തയച്ചതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നതാണ്. അതിനാൽ രേഖകൾ പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.