'ഞങ്ങളുടെ മണ്ണാണത്, തിരിച്ചുകിട്ടണം'; പാലക്കാട് ജില്ലാ കളക്‌ടർക്ക് പരാതി നൽകി നഞ്ചമ്മ

Wednesday 16 April 2025 3:45 PM IST

പാലക്കാട്: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസിൽ തീർപ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കളക്‌ടറെ കണ്ടു. ജില്ലാ കളക്‌ടർക്ക് രേഖാമൂലം പരാതി സമർപ്പിക്കുകയും ചെയ്‌തു. നഞ്ചമ്മയുടെ ഭൂമി തന്നെയാണതെന്ന് കണ്ടെത്തിയിട്ടും വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ദേശീയ അവാർഡ് ജേതാവ് കൂടിയായ നഞ്ചമ്മയുടെ നാലേക്കർ ഭൂമി മറ്റൊരാൾ തട്ടിയെടുത്തിരുന്നു. വ്യാജ നികുതി രസീത് ഉപയോഗിച്ചാണ് ഇയാൾ ഭൂമി തട്ടിയെടുത്തതെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ അഗളി കോടതിയിൽ നിന്ന് നഞ്ചമ്മയ്‌ക്ക് അനുകൂലമായ വിധിയുണ്ടായി.

എന്നാൽ, ഭൂമി തട്ടിയെടുത്തയാൾ വീണ്ടും മേൽക്കോടതിയെ സമീപിച്ചു. തനിക്ക് കൃഷി ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് നഞ്ചമ്മ കളക്‌ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 'എല്ലാം ശരിയാക്കാമെന്നാണ് കളക്‌ടർ പറഞ്ഞത്. എനിക്ക് എന്റെ ഭൂമി തിരിച്ച് കിട്ടണം. നമ്മൾ അതിൽ ജീവിക്കുന്നവരാണ്. ഞങ്ങളുടെ മണ്ണാണത്. അത് ഞങ്ങൾക്ക് തിരിച്ചുകിട്ടണം. എന്റെ മക്കളൊക്കെ അവിടെ ജീവിക്കണം. കളക്‌ടർ പറഞ്ഞതുകൊണ്ട് ഭൂമി തിരിച്ചുകിട്ടും എന്നെനിക്ക് പ്രതീക്ഷയുണ്ട്. ഭൂമിയില്ലാതെ ഞങ്ങൾക്ക് ജീവിക്കാനാവില്ല', നഞ്ചമ്മ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.