ഹൃദ്രോഗവിമുക്ത കേരളം പദ്ധതിയുമായി ഹാർട്ട് ലിങ്ക് ഫൗണ്ടേഷൻ
കൊച്ചി: സംസ്ഥാനത്ത് ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിവരുന്ന പശ്ചാത്തലത്തിൽ 'ഹൃദ്രോഗവിമുക്ത കേരളം' പദ്ധതിയുമായി ഹാർട്ട് ലിങ്ക് ഫൗണ്ടേഷൻ. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 500 പഞ്ചായത്തുകളിൽ ബോധവത്കരണ പദ്ധതികൾ നടപ്പാക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റും പ്രമുഖ ഹൃദ്രോഗവിദഗ്ദ്ധനുമായ ഡോ. മൂസക്കുഞ്ഞി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗജന്യനിരക്കിലുള്ള ഹൃദയശസ്ത്രക്രിയ, രക്തദാനക്യാമ്പ് , സൗജന്യ ആരോഗ്യ പരിശോധന എന്നിവയും നടത്തും. ഇതിനായി സൗജന്യ പരിശീലനവും സംഘടിപ്പിക്കും. ക്ലിനിക്കുകളുടെ ശൃംഖലകൾ തുടങ്ങാനും പദ്ധതിയുണ്ട്. ആശാപ്രവർത്തകരുടെ സമരം ആരോഗ്യരംഗത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ആരും കാണരുത്. മനുഷ്യജീവനുമായി ബന്ധപ്പെട്ട പ്രശ്‌നമായി കണക്കാക്കി സമരം ഒത്തുതീർപ്പാക്കണം. ഇക്കാര്യത്തിലുണ്ടാകുന്ന കാലവിളംബം ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഗർഭിണികളെയും കുട്ടികളെയുമാണ് അത് കൂടുതൽ ബാധിക്കുന്നതെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ജനറൽ സെക്രട്ടറി സജീദ് ഖാൻ പനവേലി, ജാഫർ തങ്ങൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.