രണ്ടു വർഷമായിട്ടും ക്യാൻസർ സെന്ററിന് ജീവനക്കാരെ കിട്ടിയില്ല
കൊച്ചി: ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ കെട്ടിടം പ്രവർത്തനസജ്ജമായെങ്കിലും ഡോക്ടർമാർ ഉൾപ്പെടെ സുപ്രധാന തസ്തികകൾ അംഗീകരിച്ച് നിയമിക്കാനുള്ള അനുമതി നീളുന്നു. സെന്ററിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിട്ടില്ല. കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിനോട് ചേർന്നാണ് 450 കോടി രൂപയിലേറെ ചെലവഴിച്ച് കാൻസർ സെന്ററിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്.
സ്കാനിംഗിനുൾപ്പെടെ ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. വൈകാതെ ഉദ്ഘാടനം നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിലവിൽ മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാൻസർ സെന്ററിൽ ജീവനക്കാർ കുറവാണ്. പുതിയ കെട്ടിടത്തിലെ സൗകര്യങ്ങൾക്കനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനങ്ങൾ നടത്താൻ 2023-ൽ നടപടികൾ ആരംഭിച്ചതാണ്.
കാൻസർ സെന്റർ അധികൃതർ ആരോഗ്യ വകുപ്പിന് ശുപാർശ നൽകിയിരുന്നു. മലബാർ കാൻസർ സെന്റർ ഡയറക്ടർ അധ്യക്ഷനായ സെർച്ച് കമ്മിറ്റി രൂപീകരിച്ച് തസ്തികകൾ, യോഗ്യത തുടങ്ങിയവ നിശ്ചയിച്ചു. 350 ഓളം തസ്തികകൾ സെന്ററിന് ആവശ്യമാണെന്നാണ് ശുപാർശ. 2023 ഓഗസ്റ്റിൽ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പിന് സമർപ്പിച്ചു.
സർജിക്കൽ ഓങ്കോളജിസ്റ്റുമാർ, ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യന്മാർ, ലാബ് ടെക്നീഷ്യന്മാർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തേണ്ടത്. സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സെന്റർ വൃത്തങ്ങൾ പറഞ്ഞു.
മാസങ്ങളെടുക്കും
തസ്തികകൾ സർക്കാർ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചാലേ നിയമനത്തിന് നടപടി ആരംഭിക്കാനാവൂ. വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ ക്ഷണിച്ച് പരീക്ഷയും അഭിമുഖവും നടത്തി നിയമനങ്ങൾ നടത്താൻ മാസങ്ങൾ വേണ്ടിവരും. കെട്ടിടം ഉദ്ഘാടനത്തിനൊപ്പം നിയമനങ്ങൾ കൂടി നടത്തിയാലേ പ്രവർത്തനം പൂർണ തോതിലാകൂ.
പി.എസ്.സി വഴി വേണം
പുതിയ തസ്‌തികകളിലെ നിയമനങ്ങൾ പി.എസ്.സി വഴി നടത്തണമെന്നാണ് ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റ് ആവശ്യപ്പെടുന്നത്. തിരുവനന്തപുരം ആർ.സി.സി.സിയിൽ സ്വീകരിക്കുന്ന രീതി സ്വീകരിക്കണം. താത്കാലിക നിയമനങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് മൂവ്മെന്റ് ആവശ്യപ്പെടുന്നു.
ക്യാൻസർ സെന്റർ
കെട്ടിട ചെലവ് 450 കോടി രൂപ
വിസ്‌തീർണം 6.4 ലക്ഷം ചതുരശ്രയടി
ആകെ കിടക്കകൾ 360
നിർമ്മാണ തുടക്കം 2014
മേൽനോട്ടം ഇൻകെൽ
ഉപകരണങ്ങൾക്ക് ചെലവ് 210 കോടി രൂപ
തുക നൽകുന്നത് കിഫ്‌ബി