വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല,​ ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി

Wednesday 16 April 2025 7:41 PM IST

തിരുവനന്തപുരം : വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വഖഫ് നിയമ ഭേദഗതിയാണ് മുനമ്പം പ്രശ്നത്തിന്റെ പരിഹാരമെന്ന് ബി.ജെ.പി പ്രചരിപ്പിച്ചുവെന്നും പക്ഷേ അത് പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു

.

മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കും. അതിന് വേണ്ടിയാണ് കമ്മിഷനെ വെച്ചത്. കമ്മിഷനെ വച്ചപ്പോൾ തന്നെ സമരം നിറുത്താൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവർ സമരം നിറുത്തിയില്ല. അവർക്ക് ചിലർ പ്രതീക്ഷ കൊടുത്തു. വഫഖ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല. ബി.ജെ.പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞു. കിരൺ റിജിജുവിനെ കൊണ്ടുവന്നുള്ള ബി.ജെ.പി രാഷ്ട്രീയം പൊളിഞ്ഞു,​ മുനമ്പത്തുകാരെ ബി.ജെ.പി പറഞ്ഞു പറ്റിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബി.ജെ.പിക്ക് പിന്തുണ നൽകുന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വഖഫ് വിഷയത്തിൽ ലീഗിന്റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സർ സയിദ് കോളേജിൽ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.