ഡിജിറ്റൽ റീസർവേ താത്കാലിക ജീവനക്കാർക്ക് വേതനം മുടങ്ങുന്നു

Thursday 17 April 2025 12:01 AM IST

ചോറ്റാനിക്കര: എറണാകുളം ജില്ലയിൽ ഡിജിറ്റൽ റീസർവേക്കായി നിയോഗിക്കപ്പെട്ടവർക്ക് വേതനം മുടങ്ങുന്നത് പതിവാകുന്നു. ഫെബ്രുവരി, മാർച്ച് മാസത്തെ ശമ്പളമാണ് മുടങ്ങിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ മാർച്ച് മാസത്തെ ശമ്പളം നൽകി പരാതി പരിഹരിച്ചുവെങ്കിലും ഫെബ്രുവരി മാസത്തെ ശമ്പളം ഇപ്പോഴും കുടിശികയാണ്.

2023-ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സർവെയർമാരെയും ഹെൽപ്പർമാരെയും തിരഞ്ഞെടുത്തത്. സർവേയർമാർക്ക് 24,520 രൂപയും ഹെൽപ്പർമാർക്ക് 18,390 രൂപയുമാണ് വേതനം നിശ്ചയിച്ചിരുന്നത്. ആദ്യം ഒരു വർഷം കൃത്യമായി നൽകിയെങ്കിലും പിന്നീട് ശമ്പളം മുടങ്ങി തുടങ്ങി.

റംസാനോട് അനുബന്ധിച്ച് വേതനം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതോടെ സർവേയും മുടങ്ങിരിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ ഏപ്രിൽ 13-ാം തീയതി മാർച്ച് മാസത്തെ വേതനം നൽകി. 8000 പേരാണ് ജില്ലയിൽ ജോലി ചെയ്യുന്നത്. കടുത്ത ചൂടിലും വില്ലേജുകളിൽ റിസർവ്വേ നടത്തുന്നവരെ അവഗണിക്കുന്നുവെന്നാണ് താത്ക്കാലിക ജീവനക്കാർ പറയുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി കുടുംബ ബഡ്ജറ്റ് മുന്നോട്ട് പോകുമ്പോൾ കുടുംബത്തിന്റെ ഏക വരുമാനമാണ് ശമ്പളം എന്ന് അധികൃതർ മനസിലാക്കണം. ഉത്സവാഘോഷ വേളയിൽ എങ്കിലും മുഴുവൻ വേതനവും നൽകി അധികൃതർ പ്രശ്നം പരിഹരിക്കണം.

താത്കാലിക

ജീവനക്കാരി

ഡിജിറ്റൽ റീ സർവേ