വീടെന്ന സ്വപ്നത്തിന് 'ലൈഫ് ' മേൽക്കൂര ഒരുങ്ങിയത് 33, 477 വീടുകൾ
കോഴിക്കോട് : അടച്ചുറപ്പുള്ള വീട് സ്വപ്നം കണ്ടവർക്ക് താങ്ങാവുകയാണ് ലെെഫ് മിഷൻ. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ പൂർത്തിയായത് 33,477 വീടുകൾ. ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി 6484 വീടുകളും രണ്ടാംഘട്ടത്തിൽ 5147 വീടുകളും മൂന്നാംഘട്ടത്തിൽ 682 വീടുകളുമാണ് പണിതു നൽകിയത്. വിവിധ വകുപ്പുകൾ മുഖേന 2192 വീടുകൾ പൂർത്തീകരിച്ചു. പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) അർബൻ പദ്ധതിയിലൂടെ 8153 വീടുകളും പി.എം.എ.വൈ ഗ്രാമീൺ പദ്ധതിയിലൂടെ 2345 വീടുകളും പൂർത്തീകരിച്ചു. ഇതിലൊന്നും ഉൾപ്പെടാതെ എസ് സി, എസ് ടി അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെട്ട 2087 വീടുകളും ലൈഫ് 2020 ൽ 5893 വീടുകളും അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട 494 വീടുകളുമാണ് പൂർത്തീകരിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പൂളക്കോട് ലൈഫ് ഭവന സമുച്ചയത്തിന്റെ മൂന്നാം നില നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. 44 ഭൂരഹിത ഭവനരഹിത കുടുംബങ്ങളുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്.
മനസോടിത്തിരി മണ്ണ് കാമ്പെയിൻ
ലെെഫ് പദ്ധതിയിലുൾപ്പെടുത്തി വീടുകൾ നിർമിക്കുന്നതിനായി സ്ഥലം കണ്ടെത്താനാണ് മനസോടിത്തിരി മണ്ണ് കാമ്പെയിൻ ആരംഭിച്ചത്. സ്വന്തമായി ഭൂമിയില്ലാത്ത ഗുണഭോക്താക്കൾക്ക് സുമനസുകളുടെ സഹായത്തോടെ ഭൂമി ദാനമായി നൽകി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പെയിൻ പദ്ധതിയിലൂടെ ജില്ലയിൽ 90.75 സെന്റ് ഭൂമിയാണ് സൗജന്യമായി ലഭിച്ചത്.
'തലക്കുളത്തൂർ, കുന്ദമംഗലം, കോട്ടൂർ, വില്യാപ്പള്ളി, പെരുമണ്ണ, കൂടരഞ്ഞി, ചക്കിട്ടപ്പാറ ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലാണ് ഭൂമി ലഭ്യമായത്. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് ഭൂവുടമകൾ ഭൂമി നൽകുന്നതിനുള്ള സമ്മതപത്രം നൽകിയിട്ടുണ്ട് '.
എൽ.എൻ ഷിജു , കോ ഓർഡിനേറ്റർ, ലൈഫ് ജില്ലാമിഷൻ.