വിൻസി അലോഷ്യസിനെ പിന്തുണച്ച് താരസംഘടന അമ്മ,​ പരാതി ലഭിച്ചാൽ നടനെതിരെ നടപടിയെന്ന്

Wednesday 16 April 2025 9:55 PM IST

തിരുവനന്തപുരം: സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച ഒരു നടനിൽ നിന്നുണ്ടായ ദുരനുഭവം തുറന്നുപ‌റഞ്ഞ നടി വിൻസി അലോഷ്യസിനെ പിന്തുണച്ച് താരസംഘടന അമ്മ. പരാതി ലഭിച്ചാൽ ആരോപണ വിധേയനെതിരെ നടപടി എടുക്കുമെന്ന് സംഘടന അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നു.

സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടി വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത് . ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിൻസി പറയുന്നുണ്ട്.

ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും സഹപ്രവർത്തകരോടും പെരുമാറി. മോശമെന്ന് പറയുമ്പോൾ, എന്റെ വസ്ത്രത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ അത് ശരിയാക്കാൻ പോയപ്പോൾ ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി. എല്ലാവരുടെയും മുന്നിൽവച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം കൂടി പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമ സെറ്റിൽ ഇതുപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുക്കുന്ന തീരുമാനമാണതെന്നും വിൻസി വീഡിയോയിൽ പറഞ്ഞിരുന്നു.