അരങ്ങിലെ ചോദ്യമായി അനിതയുടെ ഹിഡുംബി

Thursday 17 April 2025 12:44 AM IST

പത്തനംതിട്ട: ഹിഡുംബിയുടെ വിലാപം സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങളായി. വ്യവസ്ഥിതിയോടുള്ള വിമർശനങ്ങളായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചരൽക്കുന്നിൽ നടന്ന ക്യാമ്പിൽ കവിയും അദ്ധ്യാപികയുമായ അനിതാ ദിവോദയമാണ് ഹിഡുംബിയായി മാറിയത്. തന്റെ ' മമ ഹിഡുംബി ' എന്ന കവിതയ്ക്കാണ് അനിത ദൃശ്യാവിഷ്കാരം നൽകിയത്.

കുരുക്ഷേത്ര യുദ്ധത്തിൽ അച്ഛനായ ഭീമനെ സഹായിക്കാനായി അയച്ച മകൻ ഘടോൽകചൻ കൊല്ലപ്പെട്ടതറിഞ്ഞുള്ള ഹിഡുംബിയുടെ വിലാപമായിരുന്നു പ്രമേയം. ഹീന ജാതിക്കാരിയും കറുത്തവളും ആയതുകൊണ്ട് അന്തപ്പുരത്തിൽ നിന്ന് തന്നെ ആട്ടിപ്പായിച്ച സവർണ്ണാധിപത്യത്തിന് നേരെ ഹിഡുംബി വിരൽചൂണ്ടി. നിറത്തിന്റെയും ജാതിയുടെയും പേരിൽ അടിച്ചമർത്തുന്ന മേധാവിത്വങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വസുധയുടെ ഇടനാഴിയിൽ ഇന്നും പിറക്കുന്ന ഹിഡുംബിമാർ നിറം കറുപ്പ് ആയതിനാൽ മോക്ഷം കിട്ടാതെ അലയുന്നുണ്ടെന്ന് ഒാർമ്മിപ്പിച്ചാണ് ഏകാഭിനയം സമാപിച്ചത്. ഇതിഹാസ കഥാപാത്രങ്ങൾക്ക് കാവ്യരൂപം നൽകുന്നതിലടെ ശ്രദ്ധിക്കപ്പെട്ട അനിതാ ദിവോദയം ആദ്യമായാണ് തന്റെ കവിതയ്ക്ക് ദൃശ്യാവിഷ്കാരം നടത്തുന്നത്.

കർണ്ണന്റെ പത്‌നി വൃഷാലിയെക്കുറിച്ച് അനിത എഴുതിയ കവിതയും ശ്രദ്ധിക്കപ്പെട്ടിരുന്നു . കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപികയാണ്. അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലാണ് താമസം.