ഐസ്‌ക്രീം കപ്പിൽ ഇനി കശുഅണ്ടി രുചിമേളം

Thursday 17 April 2025 12:51 AM IST

ഐസ്ക്രീമും കേക്കും വിപണിയിലെത്തിക്കാൻ കാഷ്യു കോർപ്പറേഷൻ

കൊല്ലത്തെ കൊട്ടിയം, അയത്തിൽ ഫാക്ടറികളിൽ നിർമ്മാണം

കൊല്ലം: കശുഅണ്ടി​ വി​കസന കോർപ്പറേഷന്റെ (സി.ഡി.സി) പുതിയ മൂല്യവർദ്ധിത ഉത്പന്നമായി കാഷ്യു കേക്കും കാഷ്യു ഐസ്ക്രീമും ഓണത്തിന് വിപണിയിലെത്തും. സി.‌ഡി.സിയുടെ കൊട്ടിയം, അയത്തിൽ എന്നിവിടങ്ങളിലെ ഫാക്ടറികൾ കേന്ദ്രീകരിച്ചാണ് നിർമ്മാണം. നഷ്ടം നേരിയ അളവിൽ നികത്തുന്നതിനൊപ്പം തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ഇതിലൂടെ കഴിയും.

കശുഅണ്ടിയുടെ എസൻസ് വേർതിരിച്ചെടുത്ത് നിർമ്മിക്കുന്ന കേക്കിനും ഐസ്ക്രീമിനും കശുഅണ്ടിയുടെ സ്വാദും ഗന്ധവും ഉണ്ടായിരിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള നിർമ്മാണം ഉടൻ ആരംഭിക്കും. കയറ്റുമതിക്കും ആലോചനയുണ്ട്. വില്പന ഉയർന്നാൽ നിർമ്മാണം മറ്റ് ഫാക്ടറികളിലേക്കും വ്യാപിപ്പിക്കും. നിലവിൽ തോട്ടണ്ടി സംസ്കരണത്തിന്റെ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പരിശീലനം നൽകി നിശ്ചിത ദിവസം കേക്ക്, ഐസ്ക്രീം നിർമ്മാണ യൂണിറ്റുകളിൽ ജോലി നൽകും. ഐസ്ക്രീം നിർമ്മാണത്തിനുള്ള പാൽ മിൽമയിൽ നിന്നോ കർഷകരിൽ നിന്ന് നേരിട്ടോ സംഭരിക്കും.

വില്പനയ്ക്ക് 154 ഔട്ട്ലെറ്റുകൾ

 ഡീലർഷിപ്പും നൽകുന്നു  ആദ്യം രണ്ട് ഫാക്ടറികളിൽ നിർമ്മാണം  നിലവിൽ 15 മൂല്യവർദ്ധിത ഉത്പന്നങ്ങൾ  തോട്ടണ്ടി സംസ്കരണം മാത്രം നഷ്ടം  ആകെയുള്ളത് 30 ഫാക്ടറികൾ  പതിനയ്യായിരത്തോളം തൊഴിലാളികൾ

...................................

കശുഅണ്ടിയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ലോകവിപണിയിൽ വലിയ ഡിമാൻഡാണ്. കാഷ്യു കോർപ്പറേഷന്റെ കേരള ബ്രാൻഡ് ഉത്പന്നങ്ങളുടെ ജനപ്രിയത ഉപയോഗപ്പെടുത്താനാണ് ശ്രമം

എസ്. ജയമോഹൻ

ചെയർമാൻ

കാഷ്യു കോർപ്പറേഷൻ