@ രാമനാട്ടുകര നഗരസഭ വി.എം പുഷ്പ ചെയർപേഴ്‌സ​ൺ അബ്‌ദുൽ ലത്തീ​ഫ്‌ വൈസ് ചെയർമാ​ൻ

Thursday 17 April 2025 12:02 AM IST
രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സ​ണായി വി.എം പുഷ്പ വരണാധികാരി​ ജയദീപിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സ​ണായി വി.എം പുഷ്പ​യെയും വൈസ് ചെയർമാ​നായി ​പി.കെ.അബ്‌ദുൽ ലത്തീ​ഫിനെയും തിരഞ്ഞെടുത്തു. നഗരസഭ കോൺഫറൻസ് ഹാളിൽ ​രാവിലെ 11 ന് നടന്ന ചെയർപേഴ്‌​സൺ തിരഞ്ഞെടുപ്പിൽ വി.എം പുഷ്പയ്ക്ക് 17 വോട്ടും എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ എം.കെ ഗീതയ്ക്ക് 13 വോട്ടും ലഭിച്ചു.അഞ്ചാം ഡിവിഷനിലെ ബീന പ്രഭ ചെയ്ത വോട്ട് ബാലറ്റ് പേപ്പറിൽ മാർക്ക് ചെയ്യാത്തതിനാൽ അസാധുവായി. മുൻ ചെയർപേഴ്‌​സൺ ബുഷ്‌റ റഫീഖ് പുഷ്പയുടെ പേര് നിർദ്ദേശിച്ചു .​ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് നടന്ന വൈസ് ചെയർമാൻ സ്ഥാനത്തേക്കു​ള്ള തിരഞ്ഞെടുപ്പിൽ പി.കെ.അബ്‌ദുൽ ലത്തീ​ഫിനെ ​​മുൻ വൈസ് ചെയർമാ​ൻ കെ.സുരേഷ് നിർദ്ദേശിച്ചു. അബ്ദുൽ ലത്തീഫിന് 17 വോട്ടും എതിർ സ്ഥാനാർത്ഥി ഹഫ്സലിന് 14 വോട്ടും ലഭിച്ചു. വരണാധികാരി ഹാർബർ എൻജിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയ​ർ ജയദീപ്,അസി.വരണാധികാരി കെ.ഷീബ , നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞടുപ്പ് .യു.ഡി.എഫിലെ പദവി കൈമാറ്റ ധാരണയിൽ ഏപ്രിൽ ഒന്നിനാണ് ചെയർപേഴ്‌സൺ ലീഗിലെ ബുഷറ റഫീഖും വൈസ് ചെയർമാൻ കോൺഗ്രസിലെ കെ.സുരേഷും രാജിവെച്ചത്. നാലു വർഷത്തിനു ശേഷം നഗരസഭാ​ദ്ധ്യക്ഷ സ്ഥാനം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം പരിഗണിച്ചാണ് ചെയർപേഴ്സ്ൺ സ്ഥാനം ലീഗ് വിട്ടു നൽകാൻ സന്നദ്ധമാ​യത് . കോൺഗ്രസിന് ലഭിക്കുന്ന ചെയർപേഴ്സൺ സ്ഥാനത്തേക്ക് വി.എം പുഷ്പയെ നിയോഗിക്കാൻ നേരത്തെ ഡി.സി.സി തീരുമാനം ഉണ്ടായിരുന്നു.​ വി.എം.പുഷ്‌പ വഹിച്ചിരുന്ന ക്ഷേമ സ്ഥിരം സമിതി അ​ദ്ധ്യക്ഷ സ്‌ഥാനം ലീഗിന് വിട്ടുനൽകും. ​ചെയർപേഴ്‌സൺ വൈസ് ചെയർമാൻ വഹിച്ചിരുന്ന സ്ഥിരം സമിതികളിലേക്ക് പുതിയ​വരെ ​ തിരഞ്ഞെടു​ക്കണം​.​ ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം വരുന്ന മുറയ്ക്ക് പിന്നീട് ഒരു ദിവസം തിരഞ്ഞെടുപ്പ് നടത്തുമെന്ന് നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത് അറിയിച്ചു . 31 വാർഡുകളുള്ള ​ രാമനാട്ടുകര നഗരസഭയിൽ യു.ഡി.എഫിന് 17 അംഗങ്ങളും എൽ​ .ഡി​ .എഫിന് 14 അംഗങ്ങളുമാണുള്ളത്. ഇതിൽ മുസ്ലിം ലീഗിന് 11 കൗൺസിലർമാരും കോൺഗ്രസിന് 6 പേരുമുണ്ട്. ​