ക്രൂയിസ് ടൂറിസം: പുതിയ റൂട്ടുകൾ ആരംഭിക്കാൻ ടൂറിസം വകുപ്പ്

Thursday 17 April 2025 12:52 AM IST

തിരുവനന്തപുരം: കേരളത്തിന്റെ സമുദ്ര വിനോദ സഞ്ചാര സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനായി ടൂറിസം വകുപ്പ് പുതിയ ക്രൂയിസ് റൂട്ടുകൾ ആരംഭിക്കുന്നു. ഇതിനായി ക്രൂയിസ് ടൂറിസം കരടു നയം സംസ്ഥാന സർക്കാർ രൂപീകരിച്ചു. തീരപ്രദേശങ്ങളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ക്രൂയിസ് റൂട്ടുകളാണ് ആരംഭിക്കുന്നത്. കേരള മാരിടൈം ബോർഡ് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊരുക്കും. നയത്തിന് അടുത്ത മന്ത്രിസഭാ യോഗം അനുമതി നൽകിയേക്കും.

മികച്ച ക്രൂയിസ് കപ്പലുകൾ നീറ്റിലിറക്കി ആഭ്യന്തര, വിദേശ സഞ്ചാരികൾക്ക് അവിസ്മരണീയമായ യാത്രാനുഭവം നൽകാനാണ് ടൂറിസം വകുപ്പും മാരിടൈം ബോർഡും ലക്ഷ്യമിടുന്നത്. നിലവിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ക്രൂയിസ് ടൂറിസം പ്രവർത്തനങ്ങളാണ് പ്രധാനമായും നടക്കുന്നത്.

ഏഴ് തുറമുഖങ്ങളിൽ ക്രൂയിസ് കേന്ദ്രങ്ങൾ

സംസ്ഥാനത്തെ ഏഴ് തുറമുഖങ്ങളിലാണ് ക്രൂയിസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. വിഴിഞ്ഞം, കൊച്ചി, ആലപ്പുഴ, കൊല്ലം, ബേപ്പൂർ, നീണ്ടകര, കായംകുളം തുടങ്ങിയ തുറമുഖങ്ങളിൽ ക്രൂയിസ് റൂട്ടുകൾ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്യാബിനുകളും മറ്റ് ആഡംബര സൗകര്യങ്ങളുമുളള കപ്പലുകളാണ് ക്രൂയിസ് ടൂറിസത്തിന് ഉപയോഗിക്കുക. ഗോവ, ബാംഗ്ലൂർ മുതൽ സംസ്ഥാനത്തിനകത്തുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കാകും ക്രൂയിസ് കപ്പലുകൾ സർവീസ് നടത്തുക. സ്വകാര്യ സംരംഭകരും ക്രൂയിസ് ടൂറിസത്തിൽ പങ്കാളികളാകും.