റെക്കാഡ് കുതിപ്പ് തുടർന്ന് സ്വർണം

Thursday 17 April 2025 12:56 AM IST

പവൻ വില 70,520 രൂപ

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി. സംസ്ഥാനത്ത് സ്വർണ വില ഇന്നലെ പവന് 760 രൂപ വർദ്ധിച്ച് 70,520 രൂപയിലെത്തി. ഗ്രാമിന്റെ വില 95 രൂപ ഉയർന്ന് 8815 രൂപയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 85.52 വരെ മെച്ചപ്പെട്ടതാണ് ഇന്ത്യയിലെ സ്വർണ വിലയുടെ തോത് കുറച്ചത്. ഒരു കിലോ സ്വർണക്കട്ടിയുടെ വില 95 ലക്ഷം രൂപയിലെത്തി.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ ഏതറ്റം വരെ പോകാനും മടിക്കില്ലെന്ന ചൈനയുടെ മുന്നറിയിപ്പാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്കിയത്. ലോകത്തിലെ വൻകിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണ ശേഖരം ഉയർത്തുകയാണ്. ലോകത്തിലെ പ്രമുഖ നാണയങ്ങളായ സ്വിസ് ഫ്രാങ്ക്, യൂറോ, യെൻ എന്നിവയ്ക്കെതിരെ ഡോളർ ദുർബലമായതും സ്വർണത്തിന് കരുത്ത് പകർന്നു.

ആഗോള അനിശ്ചിതത്വങ്ങൾ അനുകൂലമാകുന്നു

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക 245 ശതമാനം തീരുവ ഈടാക്കുമെന്ന് വ്യക്തമാക്കിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറി. ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നതിന് തദ്ദേശ വിമാന കമ്പനികൾക്ക് ചൈന വിലക്കേർപ്പെടുത്തിയതിന് തിരിച്ചടിയായാണ് അമേരിക്ക തീരുവ കുത്തനെ ഉയർത്തിയത്. ഇതോടെ രാജ്യാന്തര വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണ വില ഔൺസിന് 3,300 ഡോളർ കവിഞ്ഞു.

ഒരു പവൻ വാങ്ങാൻ 76,000 രൂപ കവിയും

ഇപ്പോഴത്തെ വിലയിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് ചരക്കു സേവന നികുതിയും സെസും പണിക്കൂലിയും ഹാൾമാർക്കിംഗ് ചാർജുകളുമടക്കം പവന് 76,000 രൂപയിലധികമാകും. ഈസ്റ്റർ, അക്ഷയ തൃതീയ തുടങ്ങിയ വിശേഷാവസരങ്ങൾക്ക് മുന്നോടിയായി സ്വർണ വിലയിലുണ്ടാകുന്ന കുതിപ്പ് ഉപഭോക്താക്കൾക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. വില തുടർച്ചയായി റെക്കാഡുകൾ കീഴടക്കി മുന്നേറുന്നതിനാൽ സംസ്ഥാനത്തെ ജുവലറികളിൽ കച്ചവടം കുറയുകയാണെന്ന് വ്യാപാരികൾ പറയുന്നു. വില കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം നീട്ടി വെക്കുകയാണെന്നും അവർ പറയുന്നു. നടപ്പുവർഷം ഇതുവരെ സ്വർണ വിലയിൽ 26 ശതമാനം വർദ്ധനയാണുണ്ടായത്.

നടപ്പുവർഷം സ്വർണ വിലയിലെ വർദ്ധന 13,320 രൂപ