തോറ്റെങ്കിലെന്താ സെമിയിലെത്തിയില്ലേ ?
രണ്ടാം പാദ ക്വാർട്ടർ ഫൈനലുകളിൽ തോറ്റെങ്കിലും ബാഴ്സലോണയും
പാരീസ് എസ്.ജിയും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ
ക്വാർട്ടർ ഫലങ്ങൾ
ആദ്യ പാദം
ബാഴ്സലോണ 4-ഡോർട്ട്മുണ്ട് 0
പാരീസ് എസ്.ജി 3- ആസ്റ്റൺ വില്ല 1
രണ്ടാം പാദം
ഡോർട്ട് മുണ്ട് 3- ബാഴ്സലോണ 1
ആസ്റ്റൺ വില്ല 3-പാരീസ് എസ്.ജി 2
ആകെ മാർജിൻ
ബാഴ്സലോണ 5- ഡോർട്ട്മുണ്ട് 3
പാരീസ് എസ്.ജി 5-ആസ്റ്റൺ വില്ല 4
ബൊറൂഷ്യ/ ലണ്ടൻ : രണ്ടാം പാദ ക്വാർട്ടർ ഫൈനലുകളിൽ തോറ്റെങ്കിലും സ്പാനിഷ് ക്ളബ് ബാഴ്ലോണയും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ സെമിഫൈനലിലേക്ക് പ്രവേശിച്ചു. ആദ്യ പാദത്തിൽ നേടിയിരുന്ന വിജയങ്ങളുടെ മികവിൽ ആകെ ഗോൾ മാർജിനിൽ മുന്നിലെത്തിയാണ് ബാഴ്സയും പി.എസ്.ജിയും അവസാന നാലിലേക്ക് കടന്നത്. കഴിഞ്ഞരാത്രി നടന്ന രണ്ടാം പാദ മത്സരത്തിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബാഴ്സലോണയെ തോൽപ്പിച്ചത്. എന്നാൽ ആദ്യ പാദത്തിൽ 4-0ത്തിന് ജയിച്ചിരുന്ന ബാഴ്സയെ സെമി കടക്കുന്നതിൽ നിന്ന് തടയാൻ ഈ വിജയത്തിന് വീര്യമുണ്ടായിരുന്നില്ല. 5-3 എന്ന ആകെ ഗോൾ മാർജിനിൽ ബാഴ്സ അവസാന നാലിലെത്തി. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഗിനിയൻ സ്ട്രൈക്കർ സെറോ ഗ്വയ്റാസിയുടെ ഹാട്രിക്കിന്റെ മികവിലാണ് ബൊറൂഷ്യ വിജയം കണ്ടത്. 11-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് സെറോ സ്കോറിംഗ് തുടങ്ങിയത്.49,76 മിനിട്ടുകളിലായാണ് ഹാട്രിക് പൂർത്തിയാക്കിയത്. 54-ാം മിനിട്ടിൽ റമി ബെൻസെബെയ്നിയുടെ സെൽഫ് ഗോളിലൂടെയാണ് ബാഴ്സയ്ക്ക് അക്കൗണ്ട് തുറക്കാനായത്.
ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ 2-0ത്തിന് മുന്നിൽ നിന്നശേഷമാണ് പി.എസ്.ജി 3-2ന്റെ തോൽവി വഴങ്ങിയത്. 11-ാം മിനിട്ടിൽ അഷ്റഫ് ഹക്കിമിയും 27-ാം മിനിട്ടിൽ ന്യൂനോ മെൻഡസുമാണ് പി.എസ്.ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. 34-ാം മിനിട്ടിൽ യൂറി ടിയെലിമാൻസ്, 55-ാം മിനിട്ടിൽ ജോൺ മക് ജിൻ, 57-ാം മിനിട്ടിൽ എസ്റി കോൻസ എന്നിവർ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി വലകുലുക്കി.
6
സീസണുകൾക്ക് ശേഷമാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലെത്തുന്നത്. 2018/19 സീസണിൽ സെമിയിൽ ലിവർപൂളിനോട് തോറ്റശേഷം സെമി കാണുന്നത് ഇതാദ്യം.
1
ആദ്യമായാണ് ബൊറൂഷ്യയ്ക്ക് ബാഴ്സയെ തോൽപ്പിക്കാൻ കഴിഞ്ഞത്. എന്നാൽ അത് അവർക്ക് മുന്നേറാനുള്ള വഴി ഒരുക്കിയതുമില്ല.