മെഡി.കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇനി 'സൂപ്പർ '

Thursday 17 April 2025 12:02 AM IST
മെഡി.കോളേജ്

കോഴിക്കോട്: മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂർണ പ്രവർത്തന സജ്ജമാകുന്നു. 24 മുതൽ അഞ്ച് വകുപ്പുകൾ കൂടി ഈ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായി പി.എം.എസ്.എസ്.വൈ. സ്‌കീമിൽ പ്രവൃത്തി പൂർത്തീകരിച്ച സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് 2023 മാർച്ചിലാണ് ഉദ്ഘാടനംചെയ്തത്. കേന്ദ്ര വിഹിതമായി 120 കോടിയും സംസ്ഥാന വിഹിതമായി 75.95 കോടി രൂപയും ചെലവഴിച്ചാണ് 7 നിലകളുള്ള കെട്ടിടം പൂർത്തീകരിച്ചത്. കാർഡിയോ വാസ്‌കുലർ തൊറാസിക് സർജറി, ജെനിറ്റോയൂറിനറി സർജറി, സർജിക്കൽ ഗാസ്‌ട്രോഎന്ററോളജി, ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി എന്നീ വകുപ്പുകളാണ് ഏപ്രിൽ 24 മുതൽ പുതിയ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ പ്രവർത്തിക്കുക. ഈ ഡിപ്പാർട്ട്‌മെന്റുകൾക്കാവശ്യമായ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 14 ഓപ്പറേഷൻ തിയറ്ററുകളും അനുബന്ധ ഇന്റൻസീവ് കെയർ യൂണിറ്റുകളും, വാർഡുകളുമാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. എമർജൻസി മെഡിസിൻ വകുപ്പ് പ്രാരംഭഘട്ടത്തിൽത്തന്നെ ഇവിടെ പ്രവർത്തനക്ഷമമായിരുന്നു. അനസ്‌തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറും. ഹാർട്ട്, കിഡ്നി, സോളിഡ് ഓർഗൻസ് എന്നീ അവയവമാറ്റ ശസ്ത്രക്രിയകൾ ചെയ്യുന്നതിന് വേണ്ടി മാത്രമായുള്ള അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകളും ഓരോ വിഭാഗത്തിനും സുസജ്ജമായ 20 ഐ.സി.യു. ബെഡ്ഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.