ബൗളർമാരുടെ മൊഞ്ചൊന്നും പൊയ്പ്പോയിട്ടില്ല !

Wednesday 16 April 2025 11:23 PM IST

മുള്ളൻപുർ : ഐ.പി.എൽ എന്നാൽ ബാറ്റർമാരുടെ ചാകരയെന്നാണ് പൊതുവെ വിലയിരുത്തൽ.ജൊഫ്ര ആർച്ചറിനെയും മുഹമ്മദ് ഷമിയേയും പോലുള്ള കൊമ്പൻ പേസർമാരെ വരെ നാലോവറിൽ 70ലേറെ റൺസ‌ടിക്കുന്ന ഈ സീസണിൽ ബൗളർമാരുടെ മൊഞ്ചൊന്നും പൊയ്പ്പോയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സ് ഇലവനും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിൽ നടന്ന മത്സരം തെളിയിച്ചു. പഞ്ചാബിലെ മുള്ളൻപുരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 15.3 ഓവറിൽ 111 റൺസിന് ആൾഔട്ടായപ്പോൾ കളി കൊൽക്കത്ത കൊണ്ടുപോയെന്ന് കരുതി. അപ്പുറത്ത് റാണയും വരുണും നരെയ്നുമൊക്കെയുള്ളപ്പോൾ ഇപ്പുറത്തും ഒരാൾ കാണുമെന്ന് കരുതേണ്ടേയെന്ന സിനിമാഡയലോഗുപോലെ യുസ്‌വേന്ദ്ര ചഹലും മാർക്കോ യാൻസനും ചേർന്ന് കൊൽക്കത്തയെ 15.1 ഓവറിൽ 95 റൺസിന് ചുരുട്ടിയതോടെ പഞ്ചാബിന് 16 റൺസിന്റെ അപ്രതീക്ഷിത വിജയം.

മൂന്നോവറിൽ 25 റൺസ് വഴങ്ങി മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത പേസർ ഹർഷിത് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തിയ സ്പിന്നർമാരായ വരുൺ ചക്രവർത്തിയും സുനിൽ നരെയ്നുമാണ് പഞ്ചാബിനെ കുറഞ്ഞസ്കോറിലൊതുക്കിയത്. ഓപ്പണർമാരായ പ്രിയാംശ് ആര്യയും (22), പ്രഭ്സിമ്രാൻ സിംഗും (30),മദ്ധ്യനിരയിൽ നെഹാൽ വധേരയും(10), ശശാങ്ക് സിംഗും (18), വാലറ്റത്ത് സേവ്യർ ബാർട്ട്‌ലെറ്റും (11) മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്. ശ്രേയസ് അയ്യർ (0),ഇൻഗിലിസ് (2),മാക്സ്‌വെൽ (7),സുയാംശ് ഷെഡ്ഗെ(4), മാർക്കോ യാൻസെൻ (1) എന്നിവർ വേഗം കൂടാരം കയറിയിരുന്നു.

കൊൽക്കത്താനിരയിലാകട്ടെ ആൻഗ്രിഷ് രഘുവംശി (37), നായകൻ അജിങ്ക്യ രഹാനെ(17), ആന്ദ്രേ റസൽ (17) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ക്വിന്റൺ ഡി കോക്ക് (2), സുനിൽ നരെയ്ൻ (5),വെങ്കടേഷ് അയ്യർ (7),റിങ്കുസിംഗ് (2),രമൺദീപ് സിംഗ് (0) എന്നീ വമ്പന്മാരെല്ലാം മുട്ടിടിച്ച് വീണു.നാലുവിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലിനെയും മൂന്നുവിക്കറ്റ് നേടിയ മാർക്കോ യാൻസനെയും മുന്നിൽ നിറുത്തിയാണ് പഞ്ചാബ് കൊൽക്കത്തക്കാരെ എറിഞ്ഞിട്ടത്.സേവ്യർ ബാർട്ട്‌ലെറ്റും അർഷ്ദീപും ഗ്ളെൻ മാക്സ്‌വെല്ലും ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്നോവറിൽ 11 റൺസ് മാത്രം നൽകിയ അർഷ്ദീപ് ഒരോവർ മെയ്ഡനുമാക്കി. മാക്സ്‌വെൽ രണ്ടോവറിൽ അഞ്ചുറൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ചഹലാണ് മാൻ ഒഫ് ദ മാച്ചായത്.

20

ഈ സീസണിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ഇരുടീമുകളും ആൾഔട്ടാകുന്നത്.

100

റൺസിൽ താഴെ ഈ സീസണിൽ ആൾഔട്ടാകുന്ന ആദ്യ ടീമാണ് കൊൽക്കത്ത.

6

ടീമുകളാണ് ഈ സീസണിൽ ഇതുവരെ ആൾഔട്ടായത്.

206

രണ്ട് ടീമുകളും ചേർന്ന് ഇന്നലെ നേടിയ ആകെ റൺസ്. ഇരുടീമുകളും തമ്മിലുള്ള മത്സരചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ സ്കോറാണിത്.

4-0-28-4

യുസ്‌വേന്ദ്ര ചഹലിന്റെ ബൗളിംഗ് പ്രക‌ടനം. ഇത് എട്ടാം തവണയാണ് ചഹൽ ഒരു ഐ.പി.എൽ മത്സരത്തിൽ നാലുവിക്കറ്റ് വീഴ്ത്തുന്നത്. സുനിൽ നരെയ്ന്റെ റെക്കാഡിനൊപ്പം ചഹലുമെത്തി.