ഡാറ്റ സയൻസ് & എ.ഐ @ ഐ.ഐ.ടി ഗോഹട്ടി
ഐ.ഐ.ടി ഗോഹട്ടി നാലു വർഷത്തെ ബാച്‌ലർ ഓഫ് ഡാറ്റ സയൻസ് & എ.ഐയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാലു വർഷത്തെ ഓൺലൈൻ ഓണേഴ്‌സ് പ്രോഗ്രാമാണിത്. മെയ് 30 വരെ അപേക്ഷിക്കാം. ഒരു വർഷം പൂർത്തിയാക്കിയാൽ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റും, രണ്ടു വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമയും, മൂന്ന് വർഷം പൂർത്തിയാക്കിയാൽ ബി.എസ്.സി ബിരുദവും, നാലു വർഷം പൂർത്തിയാക്കിയാൽ നാലു വർഷത്തെ ഓണേഴ്‌സ് ബിരുദവും ലഭിക്കും. 60 ശതമാനം മാർക്കോടെ പ്ലസ് ടു മാത്‍സ് ഗ്രൂപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കിയവർക്ക് ഡാറ്റ സയന്റിസ്റ്റ്, മെഷീൻ ലേർണിംഗ് എൻജിനീയർ, ഡാറ്റ അനലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ്, ബിഗ് ഡാറ്റ എൻജിനീയർ, എ.ഐ കൺസൽട്ടന്റ് തുടങ്ങിയ പദവികളിൽ പ്രവർത്തിക്കാം.പ്രവേശനത്തിനായി ഓൺലൈൻ പ്രവേശന പരീക്ഷയുണ്ട്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ യോഗ്യത നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഏറെ തൊഴിൽ സാധ്യതയുള്ള പ്രോഗ്രാമാണിത്. www.iitg.ac.in
ഡൽഹി യൂണിവേഴ്സിറ്റി വൈസ്‌ചാൻസലർ ഇന്റേൺഷിപ് 2025
ഡൽഹി യൂണിവേഴ്സിറ്റി വൈസ്‌ചാൻസലർ ഇന്റേൺഷിപ് 2025 പ്രോഗ്രാമിന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ബിരുദ,ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന വർഷം വിദ്യാർത്ഥികൾ അപേക്ഷിക്കാൻ യോഗ്യരല്ല. ജൂൺ മുതൽ ജൂലൈ വരെയാണ് ഇന്റേൺഷിപ്പ്. ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യണം. പ്രതിമാസം 11025 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. www.du.ac.in
കാനഡ ഇമിഗ്രേഷനിൽ നിയന്ത്രണമേർപ്പെടുത്തുന്നു
കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനായി കാനഡയിൽ ഐ.ആർ.പി റെഗുലേഷൻ നിലവിൽ വന്നു. ഇതനുസരിച്ചു വിദ്യാർത്ഥി വിസ, തൊഴിൽ വിസ, ഇമ്മിഗ്രേഷൻ എന്നിവയിൽ ഏതു സമയത്തും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മാറ്റം വരുത്താൻ സാധിക്കും. പ്രതിവർഷം 2.4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠനത്തിനും, ഇമിഗ്രേഷനുമായി ഇന്ത്യയിൽ നിന്നും കാനഡയിലെത്തുന്നത്. വിദ്യാർത്ഥികളുടെ സംരക്ഷണമെന്ന പേരിൽ കാനഡ ഇതിനു മുമ്പ് കൂടുതൽ നിബന്ധനകൾ പുറത്തിറക്കിയീട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഗ്യാരന്റീഡ് ഇൻവെസ്റ്മെന്റ് സർട്ടിഫിക്കറ്റ്-GIC യ്ക്കുള്ള തുക 10000 കനേഡിയൻ ഡോളറിൽ നിന്നും 20635 ഡോളറാക്കി ഉയർത്തിയീട്ടുണ്ട്. ഇത് 12.17 ലക്ഷം രൂപയോളം വരും. യു.കെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠന കാലയളവിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയീട്ടുണ്ട്. വിദ്യാർത്ഥികളുടെ വരവ് വർദ്ധിച്ചതോടെ ജി.ഐ.സി വർദ്ധിപ്പിക്കുന്നതിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുത്താനും കാനഡ ആഗ്രഹിക്കുന്നു. കാനഡ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റ്/ സ്റ്റുഡൻറ് വിസയിൽ പ്രതിവർഷം നാലു ലക്ഷത്തിൽ നിന്നും 3.6 ലക്ഷമായി കുറച്ചിട്ടുണ്ട്. സ്റ്റുഡൻറ് വിസയിൽ കാനഡയിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം 1.4 ആണ്. കാനഡ ഇമിഗ്രേഷനിലൂടെ എത്തുന്നവരുടെ എണ്ണം ഒരുലക്ഷത്തോളം വരും. കാനഡയിലേക്ക് ഉപരിപഠനത്തിന് വരുമ്പോൾ ജീവിത പങ്കാളിക്ക് സ്പൗസ് വിസ അനുവദിക്കുമെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കില്ല. ഇതിലൂടെ വ്യാജ ഏജൻൻസികളെ നിയന്ത്രിക്കും. വർക്ക് വിസ വാഗ്‌ദാനം ലക്ഷ്യമിട്ടാണ് നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നത്. ബിരുദാനന്തര/ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് കാനഡയിൽ മൂന്ന് വർഷത്തെ വർക്ക് പെർമിറ്റ് അനുവദിക്കും. എന്നാൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് വർക്ക് വിസയിൽ നിയന്ത്രണങ്ങളുണ്ട്.