പി.എം.ശ്രീ ഇന്നലെയും മന്ത്രിസഭ തൊട്ടില്ല, എൽ.ഡി.എഫ് തീരുമാനിക്കും

Thursday 17 April 2025 12:45 AM IST

തിരുവനന്തപുരം:സി.പി.ഐയുടെ കടുത്ത എതിർപ്പിനെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുക്കാതെ വിശദമായ ചർച്ചയ്ക്കായി മാറ്റിവെച്ച പി.എം.ശ്രീപദ്ധതിയെ ഇന്നലെ ചേർന്ന മന്ത്രിസഭായോഗവും പരിഗണിച്ചില്ല. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം പൊതുവിദ്യാഭ്യാസ മേഖലയിൽ 700കോടിയോളം രൂപയുടെ കേന്ദ്രസഹായം കിട്ടുന്ന പദ്ധതിയാണിത്.

ഇന്നലത്തെ മന്ത്രസഭായോഗത്തിൽ കൊണ്ടു വരുമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇനി എൽ.ഡി.എഫിൽ ചർച്ച ചെയ്തശേഷം മാത്രമേ നടപടികൾ സ്വീകരിക്കുകയുള്ളുവെന്നാണു വിവരം.

സൈദ്ധാന്തിക പിടിവാശികാട്ടി കേരളത്തിന് കിട്ടുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം നിരസിക്കേണ്ടതില്ലെന്നാണ് സി.പി.എം.നിലപാട്.ഇക്കാര്യം കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടിയതുമാണ്. എന്നാൽ സംഘപരിവാറിന്റെ ഹിന്ദുത്വ സിലബസും പഠിപ്പിക്കേണ്ടിവരില്ലെന്ന് എന്ത് ഉറപ്പാണെന്ന മട്ടിൽ സി.പി.ഐ മന്ത്രിമാർ സംസാരിച്ചതോടെയാണ് വിദ്യാഭ്യാസമന്ത്രി പിൻമാറിയത്.

പി.എംശ്രീ പദ്ധതിക്കെതിരെ സി.പി.ഐ മുഖപത്രം മുഖപ്രസംഗമെഴുതുകയും ചെയ്തിരുന്നു. ഒരു ബ്ലോക്കിൽ രണ്ടു സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കിയതിന്റെ മികവ് പ്രദർശിപ്പിക്കണമെന്നാണ് കേന്ദ്രനയം. പി.എംശ്രീയുമായി ബന്ധപ്പെട്ടു സ്‌കൂളിന്റെ പേരിലും മാറ്റം വരുത്തേണ്ടിവരും. ഒരു സ്‌കൂളിന് ഒരുകോടിയോളം രൂപ സഹായം ലഭിക്കുന്നതാണ് പദ്ധതി. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കേണ്ട സമഗ്രശിക്ഷാ കേരളം വഴിയാണ് പിഎം ശ്രീ നടപ്പാക്കേണ്ടത്.പി.എം.ശ്രീനടപ്പാക്കിയാൽ 251കോടിയും സമഗ്രശിക്ഷാഅഭിയാൻ സഹായമായി 421കോടിയുമാണ് കിട്ടുക.

സി.ബി.ഐ അന്വേഷണം നേരിടുന്ന ഡോ.കെ.എം. എബ്രാഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിലനിർത്തുമോ എന്നതും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു മന്ത്രിയും ഉന്നയിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയും ചെയ്തു.