മുനമ്പത്തുകാരെ കേന്ദ്രവും സംസ്ഥാനവും പറ്റിച്ചു: വി.ഡി. സതീശൻ

Thursday 17 April 2025 12:08 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സർക്കാർ ചതിക്കുകയും ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതിയ നിയമം ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്നത്തിലേക്ക് മുനമ്പം വിഷയത്തെ കൊണ്ടുപോകും. വഖഫ് ട്രൈബ്യൂണലിനെതിരെ കോടതിയെ സമീപിച്ച സർക്കാർ പ്രശ്ന പരിഹാരത്തിനുള്ള അവസരം ഇല്ലാതാക്കി. ഭൂമി വഖഫ് അല്ലെന്ന് അത് നൽകിയ സേഠിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളജ് മാനേജ്മെന്റും ട്രൈബ്യൂണലിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ അനുകൂല നിലപാട് ഉണ്ടായേനെ. എന്നാൽ സർക്കാർ വഖഫ് ബോർഡിനെക്കൊണ്ട് ഹൈക്കോടതിയിൽ കേസ് കൊടുപ്പിച്ച് ട്രൈബ്യൂണലിന്റെ തുടർ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തു.