മുനമ്പത്തെ ബി.ജെ.പി നാടകം പൊളിഞ്ഞു: എം.വി. ഗോവിന്ദൻ
Thursday 17 April 2025 12:11 AM IST
കാസർകോട്: മുനമ്പം വിഷയത്തിൽ ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വത്തിന്റെ ഒത്താശയിൽ കളിച്ച നാടകം പൊളിഞ്ഞെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംസ്ഥാന സർക്കാർ പറഞ്ഞ കാര്യമാണ് കേന്ദ്രമന്ത്രിയും ഇപ്പോൾ പറയുന്നത്. മുതലെടുപ്പിന് ശ്രമിച്ചവർ പരാജയപ്പെട്ടു. മുസ്ലിം, ക്രിസ്ത്യൻ വിരുദ്ധത ആർ.എസ്.എസിന് മറച്ചുവയ്ക്കാനാകില്ല. പശ്ചിമ ബംഗാളിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടതും പരിക്കേറ്റതും സി.പി.എമ്മുകാരാണെന്നും കാര്യങ്ങൾ മനസിലാക്കി സംസാരിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തയ്യാറാകണമെന്നും പറഞ്ഞു. അതേസമയം എ.ഡി.ജി.പി അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന പൊലീസ് മേധാവിയുടെ ശുപാർശയുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് ഒന്നും പറയാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.