കുന്നംകുളം പ്രസ് ക്ലബ് മാദ്ധ്യമ പുരസ്കാരം ടി.ഡി.ഫ്രാൻസിസിന്
കുന്നംകുളം:കുന്നംകുളം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കുള്ള പുരസ്‌കാരത്തിന് അച്ചടി മാദ്ധ്യമ വിഭാഗത്തിൽ കേരളകൗമുദി വടക്കാഞ്ചേരി ലേഖകൻ ടി.ഡി.ഫ്രാൻസിസും ദൃശ്യമാദ്ധ്യമ വിഭാഗത്തിൽ കണ്ണൂർ വിഷൻ ചാനലിലെ ഷാരിമ രാജനും അർഹരായി.വിരുപ്പാക്ക സ്പിന്നിംഗ് മില്ലിനെ സംബന്ധിച്ചുള്ള വാർത്താ പരമ്പരയ്ക്കാണ് ഫ്രാൻസിസിന് പുരസ്‌കാരം.കണ്ണൂർ ജില്ലയിലെ ചെറുകുന്ന് കട്ടക്കുളം നിവാസികൾ അരപ്പൊക്കം വെള്ളത്തിൽ മൃതദേഹം കൊണ്ടുപോകേണ്ടി വരുന്ന ദുരിതത്തെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് ഷാരിമയ്ക്ക് പുരസ്‌കാരം.10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മേയിൽ കുന്നംകുളത്ത് വിതരണം ചെയ്യും.മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡിന് കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രൻ അർഹനായതായി പ്രസ്‌ക്ലബ് ഭാരവാഹികളായ ജോസ് മാളിയേക്കൽ, എം.എം.മുഹമ്മദ് അജ്മൽ,മുകേഷ് കൊങ്ങണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.