കൊല്ലം പൂരത്തിൽ ഹെഡ്‌ഗേവാറിന്റെ ചിത്രം
കൊല്ലം: കഴിഞ്ഞ ദിവസം നടന്ന കൊല്ലം പൂരത്തിലെ കുടമാറ്റത്തിൽ ആർ.എസ്.എസ് സ്ഥാപക നേതാവായ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിനെച്ചൊല്ലി വിവാദം. ഇരവിപുരം സ്വദേശി അനന്ദവിഷ്ണുവിന്റെ പരാതിയിൽ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. സംഘാടകരായ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശകസമിതി, കൊല്ലം പുതിയകാവ് ക്ഷേത്രം ട്രസ്റ്റ് എന്നിവർക്കെതിരെയാണ് കേസ്.
പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത്. ക്ഷേത്രങ്ങൾ പോലുള്ള മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങളോ, കൊടിതോരണങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചില്ലെന്നാണ് പരാതി. യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി. അതേസമയം, കുടനിർമ്മാണം രഹസ്യസ്വഭാവത്തോടെയാണ് നടത്തുന്നതെന്നും പ്രദർശിപ്പിക്കുമ്പോൾ മാത്രമാണ് പൂരം കമ്മിറ്റി അറിയുന്നതെന്നുമാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്.