ബി.ജെ.പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്: പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി

Thursday 17 April 2025 2:41 AM IST

പാലക്കാട്: ബി.ജെ.പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരായ പ്രതിഷേധ മാർച്ചിലാണ് സംഭവം. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി.

പൊലീസ് പ്രവർത്തകരെ അകാരണമായി മർദ്ദിച്ചെന്ന് നേതാക്കൾ ആരോപിച്ചു. അറസ്റ്റു വരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സന്ദീപ് വാര്യറുമുൾപ്പെടെയുള്ള നേതാക്കൾ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, സെക്രട്ടറി ഓമനക്കുട്ടൻ തുടങ്ങിയവർക്കെതിരെ കൊലക്കുറ്റത്തിനും കലാപാഹ്വാനത്തിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. എ.​എ​സ്.​പി​ ​രാ​ജേ​ഷെത്തി​ ​നേ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പൊലീസ് ആർ.എസ്.എസ് കളിക്കേണ്ടെന്ന് മാങ്കൂട്ടത്തിൽ

പൊലീസ് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് എസ്‌.ഐ ഭീഷണിപ്പെടുത്തിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആരോപിച്ചു. പൊലീസ് വല്ലാതെ ആർ.എസ്.എസ് കളിക്കേണ്ട. രണ്ടുപേരെ പൊലീസ് അടിച്ചു. ആർ.എസ്.എസ് മാർച്ച് നടത്തുമ്പോൾ ഇവർക്ക് പ്രശ്നമില്ല. ആർ.എസ്.എസ് ഓഫീസിലേക്ക് മാർച്ച് നടത്തുമ്പോഴാണല്ലോ പ്രശ്നം. എന്റെ കാലുവെട്ടുമെന്നും തലവെട്ടുമെന്നും അവർ പറഞ്ഞു. പൊലീസ് കേസെടുത്തോ. പാലക്കാട്ടെ പൊലീസിന് സംഘി പ്രീണനമുണ്ട്. അത് കൈയിൽ വെച്ചാൽ മതിയെന്നും രാഹുൽ ചോദിച്ചു. ബി.ജെ.പിക്കാരുടെ ഭീഷണി കൊണ്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു.